വിദ്യാര്ത്ഥികള്ക്ക് ആശ്വാസമായി എയര് ഇന്ത്യയുടെ വിമാന യാത്രാ ഇളവ്; ഒക്ടോബര് 20 വരെ ബുക്ക് ചെയ്യാം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിദ്യാര്ത്ഥികള്ക്കായി ആഭ്യന്തര വിമാന സര്വീസുകളില് 10% നിരക്കിളവും, 10 കിലോ അധിക ലഗേജും സൗജന്യ തീയതി മാറ്റവും പ്രഖ്യാപിച്ച് എയര് ഇന്ത്യ. ഒക്ടോബര് 20 വരെയാണ് ഈ പരിമിതകാല ഓഫര് ലഭ്യമാകുന്നത്.
രാജ്യത്തെ വിദ്യാര്ത്ഥികള്ക്ക് ആശ്വാസമായി എയര് ഇന്ത്യയുടെ പുതിയ വിമാന യാത്രാ ഇളവ്. ആഭ്യന്തര വിമാന യാത്രകളില് ടിക്കറ്റ് നിരക്കില് 10 ശതമാനം കിഴിവും 10 കിലോ അധിക ലഗേജും സൗജന്യ തീയതി മാറ്റവുമാണ് എയര് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിതകാല ഓഫറിന്റെ ഭാഗമായി 2026 ഒക്ടോബര് 20 വരെ ഈ ആനുകൂല്യം ലഭ്യമാകും.
എയര് ഇന്ത്യയുടെ വര്ഷം മുഴുവന് നീണ്ടുനില്ക്കുന്ന 'സ്റ്റുഡന്റ്സ് പ്രോഗ്രാമിന്റെ' ഭാഗമായാണ് പുതിയ പ്രഖ്യാപനം. പുതിയ കോളേജുകളിലേക്ക് ചേരാന് യാത്ര ചെയ്യുന്നവര്ക്കും സെമസ്റ്റര് അവധിക്കായി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്ത്ഥികള്ക്കും ഈ ആനുകൂല്യം ഏറെ സഹായകരമാകും.
പ്രധാന ആനുകൂല്യങ്ങള്
10% കിഴിവ്: ആഭ്യന്തര വിമാന സര്വീസുകളുടെ അടിസ്ഥാന നിരക്കില് നേരിട്ട് 10 ശതമാനം ഇളവ് ലഭിക്കും.
അധിക ലഗേജ്: എയര് ഇന്ത്യയുടെ സ്ഥിരം സ്റ്റുഡന്റ്സ് പ്രോഗ്രാം വഴി 10 കിലോഗ്രാം അധിക ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യമുണ്ട്.
സൗജന്യ തീയതി മാറ്റം: ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രാ തീയതി സൗജന്യമായി ഒരിക്കല് മാറ്റാന് അവസരമുണ്ടാകും.
ആഗോള ശൃംഖല: നോര്ത്ത് അമേരിക്ക, യൂറോപ്പ്, യുകെ, മിഡില് ഈസ്റ്റ്, ഏഷ്യ, ഓസ്ട്രേലിയ തുടങ്ങിയ ലോകത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലെല്ലാം എയര് ഇന്ത്യയുടെ കണക്റ്റിവിറ്റി ലഭ്യമാണ്.
ആപ്പ് വഴി ബുക്ക് ചെയ്താല് പ്രത്യേക ലാഭം: എയര് ഇന്ത്യയുടെ വെബ്സൈറ്റ് വഴിയോ മൊബൈല് ആപ്പ് വഴിയോ ലോഗിന് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്ക്ക് കണ്വീനിയന്സ് ഫീസില് 50 ശതമാനം ഇളവും ലഭിക്കും.
ആർക്കൊക്കെ അർഹതയുണ്ട്?
പ്രായം: യാത്ര ചെയ്യുന്ന തീയതിയില് വിദ്യാര്ത്ഥിക്ക് കുറഞ്ഞത് 12 വയസ്സ് തികഞ്ഞിരിക്കണം.
കോഴ്സ്: കുറഞ്ഞത് ഒരു അക്കാദമിക് വര്ഷമെങ്കിലും ദൈര്ഘ്യമുള്ള ഫുള്ടൈം കോഴ്സില് പഠിക്കുന്നവരായിരിക്കണം.
വിദ്യാഭ്യാസ സ്ഥാപനം: കേന്ദ്ര അല്ലെങ്കില് സംസ്ഥാന സര്ക്കാരുകളുടെ അംഗീകാരമുള്ളതോ, സഹായം ലഭിക്കുന്നതോ, അംഗീകൃത ബോര്ഡുകള്/യൂണിവേഴ്സിറ്റികള് എന്നിവയുമായി അഫിലിയേറ്റ് ചെയ്തതോ ആയ സ്കൂള്, കോളേജ്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്ത്ഥികള്ക്കാണ് ഈ ആനുകൂല്യത്തിന് അര്ഹതയുള്ളത്.




