കുവൈത്തിൽ വീട്ടുജോലിക്കാരനായ ശ്രീലങ്കൻ പൗരൻ മയക്കുമരുന്നുമായി അറസ്റ്റിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കുവൈത്തിൽ തൊഴിലിന്റെ മറവിൽ ക്രിസ്റ്റൽ മെത്ത് വിൽപന നടത്തിയ ശ്രീലങ്കൻ ഡ്രൈവർ അറസ്റ്റിൽ. ഗാർഹിക തൊഴിലാളികളുടെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലിന്റെ മറവിൽ ക്രിസ്റ്റൽ മെത്ത് വിൽപന നടത്തിവന്ന ശ്രീലങ്കൻ സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾ നടത്തിയ പ്രതിയിൽ നിന്ന് നിരോധിത മയക്കുമരുന്നും പണമിടപാട് രേഖകളും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗാർഹിക തൊഴിലാളികളുടെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന്റേയും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റേയും ഭാഗമായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
ഫർവാനിയ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള സബാഹ് അൽ-നാസർ ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ശ്രീലങ്കൻ സ്വദേശിയെ പിടികൂടിയത്. ഒരു സ്വകാര്യ വസതിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ, അർദിയ പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിലും ഇയാൾ തന്റെ തൊഴിലിന്റെ മറവിലാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതെന്ന് വ്യക്തമായി. തൊഴിലുടമയുടെ കുടുംബവുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ആരുടെയും സംശയം തോന്നാത്ത രീതിയിലാണ് ഇയാൾ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് (മെത്താംഫെറ്റാമൈൻ) അടങ്ങിയ ബാഗുകളുമായി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും വീട്ടു ഉടമയുടെ അനുമതിയോടെയും നടത്തിയ തെരച്ചിലിൽ ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നും കൂടുതൽ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു.
കൂടാതെ, ശ്രീലങ്കയിലുള്ള വ്യക്തികൾക്ക് അയച്ചുകൊടുത്ത 6,573 കുവൈത്തി ദീനാറിന്റെ പണമിടപാട് രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. കുവൈത്തിന് പുറത്തുള്ള ഒരാളുടെ സഹായത്തോടെയാണ് താൻ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം:
ഗാർഹിക തൊഴിലാളികളുടെ പ്രവർത്തനങ്ങൾ യഥാസമയം നിരീക്ഷിക്കണമെന്നും, വീടുകളോ തൊഴിലിടങ്ങളോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് തൊഴിലുടമകൾ ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.




