വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ജീവിത നിലവാരത്തിനും മുൻഗണന; 292.5 ശതകോടി ദിർഹത്തിന്റെ ബജറ്റിന് അംഗീകാരം നൽകി യുഎഇ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

292.5 ശതകോടി ദിർഹത്തിന്റെ ബജറ്റിന് അംഗീകാരം നൽകി യുഎഇ. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ജീവിത നിലവാരത്തിനും മുൻഗണന നൽകിയുള്ള ബജറ്റിനാണ് അംഗീകാരം. 2027 സാമ്പത്തിക വർഷത്തേക്ക് മാത്രം 90.1 ശതകോടി ദിർഹത്തിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
അബുദാബി: വിദ്യാഭ്യാസം, ആരോഗ്യം, ജനങ്ങളുടെ ജീവിതനിലവാരം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് യുഎഇയിൽ 2027-2029 വർഷങ്ങളിലേക്കുള്ള പുതിയ ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് 292.5 ശതകോടി ദിർഹത്തിന്റെ പുതിയ ബജറ്റ് പ്രഖ്യാപിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ബജറ്റിൽ 8.3 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുക, സാമൂഹിക സ്ഥിരത ഉറപ്പാക്കുക, പാർപ്പിടം, സാമൂഹിക സേവനങ്ങൾ എന്നിവയ്ക്കാകും സർക്കാർ ഫണ്ട് പ്രധാനമായും വിനിയോഗിക്കുകയെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
2027 സാമ്പത്തിക വർഷത്തെ പ്രധാന ചെലവുകൾ
വരുന്ന സാമ്പത്തിക വർഷത്തിൽ മാത്രം 90.1 ശതകോടി ദിർഹത്തിന്റെ ചെലവാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകൾക്കായി തുക വകയിരുത്തിയിരിക്കുന്നത് താഴെ പറയുന്ന വിധമാണ്:
സാമൂഹിക വികസനവും പെൻഷനും: 34.6 ശതകോടി ദിർഹം (38.4%)
ഗവൺമെന്റ് കാര്യങ്ങൾ: 29.1 ശതകോടി ദിർഹം (32.3%)
ഫെഡറൽ ചെലവുകൾ: 17.8 ശതകോടി ദിർഹം (19.7%)
സാമ്പത്തിക സ്വത്തുക്കളും നിക്ഷേപങ്ങളും: 5.6 ശതകോടി ദിർഹം (6.2%)
അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക സ്രോതസ്സുകളും: 3 ശതകോടി ദിർഹം (3.4%)
ഇതിനുപുറമെ, 2026-2028 വർഷങ്ങളിലേക്കായി ദുബായ് സർക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 302.7 ശതകോടി ദിർഹം ചെലവും 329.2 ശതകോടി ദിർഹം വരുമാനവും പ്രതീക്ഷിക്കുന്ന ആ ബജറ്റിൽ 5 ശതമാനം പ്രവർത്തന മിച്ചവും ഉൾപ്പെടുത്തിയിരുന്നു.




