ക്ലാസ് മുറിയിലേക്ക് മുകൾ നില തകർന്നുവീണു, പാകിസ്ഥാനിൽ 29 വിദ്യാർത്ഥികളും അധ്യാപികയും കൊല്ലപ്പെട്ടു, 40 പേർക്ക് പരിക്ക്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പാകിസ്ഥാനിലെ പേഷ്വാറിൽ സ്കൂൾ കെട്ടിടത്തിന്റെ മുകൾ നില തകർന്നു വീണ് 29 വിദ്യാർത്ഥികളും അധ്യാപികയും കൊല്ലപ്പെട്ടു; 40-ലേറെ പേർക്ക് പരിക്കേറ്റു. നിലവാരമില്ലാത്ത നിർമ്മാണമാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിരീക്ഷണം.
കറാച്ചി: പാകിസ്ഥാനിലെ പേഷ്വാറിൽ സ്കൂൾ കെട്ടിടത്തിന്റെ മുകൾ നില തകർന്നു വീണ് 29 വിദ്യാർത്ഥികളും അധ്യാപികയും കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ദുരന്തത്തിൽ 40-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പേഷ്വാറിലെ ദിർ കോളനിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലാണ് അപകടം സംഭവിച്ചത്.
മൂന്ന് നിലകളുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. രണ്ടാം നിലയിലെ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. അപകടം നടക്കുമ്പോൾ ഈ ക്ലാസ് മുറിയിൽ 30 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. മരണപ്പെട്ടവരിൽ ഏറെയും 13 വയസ്സിന് താഴെ പ്രായമുള്ളവരാണ്.
രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു
ഇടുങ്ങിയ തെരുവിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന കെട്ടിടം രക്ഷാപ്രവർത്തനത്തിന് വലിയ തോതിൽ കാലതാമസം സൃഷ്ടിച്ചു. വിദ്യാഭ്യാസ ട്രസ്റ്റ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ ആകെ 110 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിരുന്നത്.
അപകടത്തെ തുടർന്ന് സ്കൂൾ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട നിർമ്മാണത്തിനായി നിലവാരമില്ലാത്ത വസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിരീക്ഷണം. സംഭവത്തിൽ വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.




