2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ആകാശത്തിലെ ധീരനായകൻ: 182 ജീവനുകൾ കാത്ത വൈമാനികൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ലോകത്തിന്റെ ആദരം; ഹനുമാൻ ചാലീസ ചർച്ചയായി !

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 10:40 AM
പങ്കുവെക്കുക:
ആകാശത്തിലെ ധീരനായകൻ: 182 ജീവനുകൾ കാത്ത വൈമാനികൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ലോകത്തിന്റെ ആദരം; ഹനുമാൻ ചാലീസ ചർച്ചയായി !
ആകാശത്തിലെ ധീരനായകൻ: 182 ജീവനുകൾ കാത്ത വൈമാനികൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ലോകത്തിന്റെ ആദരം; ഹനുമാൻ ചാലീസ ചർച്ചയായി !കേരളപ്രഭാതം

കോക്പിറ്റിൽ സഹവൈമാനികന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടും 182 യാത്രക്കാരുടെ ജീവൻ കാത്ത ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ലോക നേതാക്കളുടെ ആദരം. ബോയിങ് വിമാനത്തിലുണ്ടായ വധശ്രമത്തെ ധീരമായി ചെറുത്ത് അടിയന്തര ലാൻഡിങ് സാധ്യമാക്കിയ ഈ മുംബൈ സ്വദേശിയുടെ മനസ്സാന്നിധ്യമാണ് ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധനേടുന്നത്.

ഇസ്രായേലും ഇന്ത്യയും ഒരുപോലെ 'യഥാർത്ഥ നായകൻ' എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ അസാധാരണ ധീരതയെ വാനോളം പുകഴ്ത്തി ലോകരാഷ്ട്രങ്ങൾ. ആകാശമധ്യേ സഹവൈമാനികന്റെ മാരകമായ ആക്രമണത്തെ അതിജീവിച്ച് 182 യാത്രക്കാരുടെ ജീവൻ കാത്തുസൂക്ഷിച്ച ഇദ്ദേഹത്തിന്റെ മനസ്സാന്നിധ്യവും ആത്മസമർപ്പണവുമാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്.

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈ സ്വദേശിയായ സ്മിത്ത്, യു.എ.ഇ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലൈ ദുബായ് വിമാന കമ്പനിയിലെ ക്യാപ്റ്റനാണ്. കഴിഞ്ഞ സെപ്റ്റംബർ 30-നായിരുന്നു ലോകത്തെ ഞെട്ടിച്ച ദുരന്തനിമിഷം അരങ്ങേറിയത്. ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായുടെ 1073-ാം നമ്പർ ബോയിങ് വിമാനത്തിലായിരുന്നു സംഭവം. ഒമാൻ സ്വദേശിയായ ഹമാം അൽ-ഹമ്മാമി ആയിരുന്നു സഹവൈമാനികൻ.

ജീവനക്കാരുൾപ്പെടെ 182 യാത്രക്കാരുമായി 33,000 അടി ഉയരത്തിൽ, സൗദി അറേബ്യൻ വ്യോമപാതയിലൂടെ സഞ്ചരിക്കവെ അടിയന്തര ആവശ്യങ്ങൾക്ക് കോക്പിറ്റിൽ സൂക്ഷിച്ചിരുന്ന കൈക്കോടാലിയെടുത്ത് ഹമാം അൽ-ഹമ്മാമി ക്യാപ്റ്റൻ സ്മിത്തിനെ ആക്രമിക്കുകയായിരുന്നു. തലങ്ങും വിലങ്ങും വെട്ടേറ്റ് രക്തത്തിൽ കുളിച്ചിട്ടും ധൈര്യം കൈവിടാതിരുന്ന സ്മിത്ത്, വിമാനത്തിന്റെ നിയന്ത്രണം പാളുന്നതിനിടെ കോക്പിറ്റിന്റെ വാതിൽ തുറന്നു. തുടർന്ന് മറ്റ് വിമാന ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.

ഉടൻ തന്നെ മറ്റ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുക്കുകയും സൗദിയിലെ തബൂക്ക് എയർപോർട്ടിൽ വിമാനം അടിയന്തരമായി ഇറക്കുകയും ചെയ്തു. വെറും ഒരു മിനിറ്റിനുള്ളിൽ വിമാനം 33,000 അടിയിൽ നിന്ന് 17,000 അടിയോളം താഴേക്ക് പതിച്ചതായി 'ഫ്ലൈറ്റ് റഡാർ 24' വ്യക്തമാക്കുന്നു. തബൂക്കിൽ ലാൻഡ് ചെയ്ത ഉടൻ സൗദി സുരക്ഷാസേന അക്രമിയെ കസ്റ്റഡിയിലെടുത്തു.

ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ ധീരതയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അഭിനന്ദിച്ചു. അക്രമി വിമാനം ഇസ്രായേലിനടുത്തെത്തുമ്പോൾ തകർക്കാൻ ലക്ഷ്യമിട്ടതാകാമെന്നും ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെുടുക്കാൻ സ്മിത്തിനെ ക്ഷണിക്കുന്നതായും നെതന്യാഹു അറിയിച്ചു.

മുംബൈ സ്വദേശിയായ സ്മിത്ത് നാല് വർഷം മുമ്പാണ് ഫ്ലൈ ദുബായിൽ ചേർന്നത്. അതിനുമുമ്പ് 11 വർഷക്കാലം സ്പൈസ് ജെറ്റിൽ സെന്റർ കമാൻഡറായും ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂസിലൻഡിൽ നിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അദ്ദേഹത്തിന് 9,750 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയസമ്പത്തുണ്ട്.

തീവ്രവാദ നിലപാടുകളോടുള്ള അനുഭാവം കാരണം സഹവൈമാനികൻ നേരത്തെ ഡ്യൂട്ടിയിൽ നിന്ന് മാറിനിന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണസമയത്ത് അദ്ദേഹം ചൊല്ലിയ ഹനുമാൻ ചാലീസയെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. യു.എ.ഇയുടെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ജി.സി.എ.എ സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)