കിങ് ഖാലിദ് വിമാനത്താവളത്തിൽ വീണ്ടും ആക്രമണം, സ്ഥിരീകരിച്ച് സൗദി, അപലപിച്ച് നെതന്യാഹു; ഇന്നലത്തെ ആക്രമണത്തിൽ 12 മരണം, 11 ഇന്ത്യാക്കാർക്ക് പരിക്ക്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഹൂത്തികളുടെ മിസൈൽ ആക്രമണത്തെത്തുടർന്ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ 12 പേർ കൊല്ലപ്പെടുകയും 11 ഇന്ത്യാക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ഹൂത്തികളുടെ മിസൈൽ ആക്രമണം. ഇന്നലെ 12 പേരുടെ മരണത്തിനിടയാക്കിയ വലിയ ആക്രമണത്തിന് പിന്നാലെയാണ് ഇന്ന് വൈകിട്ടോടെ പാസഞ്ചർ ടെർമിനൽ നാലിന് നേരെ വീണ്ടും ആക്രമണമുണ്ടായത്. സംഭവം സൗദി സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആക്രമണത്തിൽ എത്തിയ ഒരു മിസൈൽ സൗദി വ്യോമ പ്രതിരോധ സേന തകർത്തെങ്കിലും വിമാനത്താവള പരിസരത്തുണ്ടായ തീപിടുത്തം പിന്നീട് അണച്ചു. വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമിട്ട് ഇനിയും ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും യാത്രക്കാരും ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും ഹൂത്തികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ പുതിയ ആക്രമണത്തോടെ സൗദി സേന ശക്തമായ തിരിച്ചടിക്ക് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്നലത്തെ ആക്രമണം: 12 മരണം, 11 ഇന്ത്യാക്കാർക്ക് പരിക്ക്
കഴിഞ്ഞ ദിവസം റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ അതിദാരുണമായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മേഖലയിൽ ഈ യുദ്ധമുണ്ടായ ശേഷം ഒരു ഗൾഫ് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആൾനാശമാണിത്. കൊല്ലപ്പെട്ടവരിൽ 4 സൗദി പൗരന്മാരും അമേരിക്ക, ജോർദാൻ, ഈജിപ്ത്, സിറിയ, പലസ്തീൻ, സുഡാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 8 വിദേശികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ 11 ഇന്ത്യാക്കാരും ഉൾപ്പെടുന്നുണ്ടെന്നാണ് ഒടുവില് പുറത്തുവരുന്ന വിവരം. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
ഇതിന് പുറമെ ദമാം കിങ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും അൽഖർജ്, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലും ആക്രമണശ്രമങ്ങൾ ഉണ്ടായതായി അധികൃതർ വ്യക്തമാക്കി. ഹൂത്തികളുടെ ഈ നടപടി സമ്പൂർണ യുദ്ധക്കുറ്റമാണെന്ന് വിശേഷിപ്പിച്ച സൗദി-നേതൃത്വത്തിലുള്ള സഖ്യസേന, ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയും വിവിധ രാഷ്ട്രത്തലവന്മാരും ആക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്.
അപലപിച്ച് ഇസ്രയേൽ
റിയാദ് വിമാനത്താവളത്തിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായി അപലപിച്ചു. തീവ്രവാദത്തെ ഒറ്റക്കെട്ടായി നേരിടാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ശക്തവും സുരക്ഷിതവുമായ ഒരു മിഡിൽ ഈസ്റ്റ് ആണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.




