'ഇത് ശ്രീനിവാസനും അവകാശപ്പെട്ടത്' കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് ലഭിച്ചതിൽ സത്യൻ അന്തിക്കാട്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്നു തോന്നിയിട്ടുണ്ടെന്നും തനിക്ക് ലഭിച്ച കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് ബഹുമതി ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുന്നുവെന്നും സംവിധായകൻ സത്യൻ അന്തിക്കാട്.
'ഞങ്ങൾ രണ്ടുപേരും ഏകദേശം ഒരുപോലെ ചിന്തിക്കുന്നവരും സമൂഹത്തെ ഒരുപോലെ നിരീക്ഷിക്കുന്നവരുമായിരുന്നു. ആ നിരീക്ഷണത്തിൽ നിന്നാണ് സന്ദേശം, വരവേൽപ്, തലയണമന്ത്രം, ഞാൻ പ്രകാശൻ തുടങ്ങിയ സിനിമകളൊക്കെ ഉണ്ടായത്. ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുകയും ചെയ്യുന്നു'. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പിൻതിരിഞ്ഞു നോക്കുമ്പോൾ എഴുത്തിന്റെ വഴിയിൽ വെളിച്ചമായി നിന്ന കവി കുഞ്ഞുണ്ണി മാഷിനെയും സിനിമയുടെ വാതിലുകൾ തുറന്നു തന്ന ഗുരുനാഥൻ ഡോക്ടർ ബാലകൃഷ്ണനെയും ഒപ്പം പ്രവർത്തിക്കാൻ അവസരം തന്ന സംവിധായകരായ ഹരിഹരൻ, ചന്ദ്രകുമാർ, ജേസി എന്നിവരെയും ഓർക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.




