പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കോഴിക്കോട് കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി രാജേഷിനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ അഞ്ചാം തീയതി മണ്ണിൽകടവിൽ വെച്ച് അതിക്രമം നടത്തിയ ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പെൺകുട്ടി പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് വലയിലാക്കിയത്.
കോഴിക്കോട്: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി രാജേഷിനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. താമരശ്ശേരി പരപ്പൻപൊയിലിൽ നിന്ന് പടനിലത്തേക്ക് പോവുകയായിരുന്ന ബസിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമമുണ്ടായത്. ബസ് മണ്ണിൽകടവ് ഭാഗത്ത് എത്തിയപ്പോൾ നിറയെ യാത്രക്കാരുള്ള സമയം മുതലാക്കി പ്രതി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടി ബഹളം വെക്കുകയും പ്രതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതികരിക്കുകയും ചെയ്തു. ഇതോടെ മണ്ണിൽകടവിൽ ബസ് നിർത്തിയ ഉടൻ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്.




