കെണിവെച്ചത് ആടിനെ, മണം പിടിച്ചെത്തി കരിമ്പുലി; കോന്നിയെ വിറപ്പിച്ചവൻ കൂട്ടിലായി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കോന്നിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കരിമ്പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. ഉൾവനത്തിൽ തുറന്നുവിടാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.
കോന്നി: കുളത്തുമൺ മേഖലയിൽ ജനങ്ങൾക്ക് ഭീതി വിതച്ച കരിമ്പുലി ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് കരിമ്പുലിയെ കൂട്ടിലാക്കുന്നതെന്നാണ് അധികൃതരുടെ അവകാശവാദം. കുളത്തുമൺ സ്വദേശി സന്തോഷിന്റെ വീട്ടുപറമ്പിൽ സ്ഥാപിച്ച കൂട്ടിനുള്ളിലാണ് വൈകീട്ട് 5.45 ഓടെ കരിമ്പുലി അകപ്പെട്ടത്.
കൂട്ടിൽ കെട്ടിയിരുന്ന ആടിനെ ഇരയാക്കാൻ എത്തിയപ്പോഴാണ് പുലി കുടുങ്ങിയത്. ബഹളം കേട്ട് സന്തോഷിന്റെ ഭാര്യ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലി കൂട്ടിലകപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി.
പിടികൂടിയ പുലിയെ ഉൾവനത്തിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്റെ നീക്കം. എന്നാൽ പ്രദേശത്ത് ഒന്നിലേറെ കരിമ്പുലികളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ ഭീതി അകറ്റാൻ തയാറാകാതെ, കരിമ്പുലിയെ സമീപത്തെ ഉൾകാട്ടിൽ തന്നെ തുറന്നുവിടാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശവാസികളുടെ ഭാഗത്തുനിന്ന് ഉയരുന്നത്.




