കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിലെ തെരഞ്ഞെടുപ്പ് മാറ്റി; ഇത് അട്ടിമറി, കോടതിയിൽ പോകുമെന്ന് എസ്എഫ്ഐ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കാലടി സംസ്കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് അധികൃതർ മാറ്റിവെച്ചു.
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ക്യാമ്പസിൽ ഒക്ടോബര് 16ന് നടക്കാനിരുന്ന യൂണിയൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് സർവകലാശാല അധികൃതർ മാറ്റിവെച്ചു. നാമനിർദേശ പത്രികാ സമർപ്പണവും സൂക്ഷ്മപരിശോധനയും പൂർത്തിയായ ശേഷമാണ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കാരണത്താല് തെരഞ്ഞെടുപ്പ് നിർത്തിവെക്കാൻ അധികൃതര് തീരുമാനിച്ചത്. എന്നാൽ, സർവകലാശാല നടപടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച എസ്.എഫ്.ഐ, ഒക്ടോബർ 16ന് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെയാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വിവരം സർവകലാശാല അധികൃതർ വിദ്യാർഥികളെ അറിയിച്ചത്. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് സർവകലാശാലയുടെ വിശദീകരണം.
അതേസമയം, തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭവും നിയമപോരാട്ടവും തുടരുമെന്ന് വിദ്യാർഥി സംഘടന അറിയിച്ചു.




