മാസപ്പടി കേസ്: രണ്ട് എസ്ഐടികൾ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം; പിണറായിയുടെയും റിയാസിൻ്റെയും കേസുകൾ വെവ്വേറേ അന്വേഷിക്കും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിനായി വിജിലൻസ് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ്.ഐ.ടി) രൂപീകരിച്ചു. കേസിൽ ഇരുവരുടെയും പേരിൽ വെവ്വേറെ എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ്.ഐ.ടി) ചുമതലപ്പെടുത്താൻ വിജിലൻസ് തീരുമാനം. ഇരുവർക്കുമെതിരെയുള്ള കേസുകൾ വെവ്വേറെയായിരിക്കും ഇനി അന്വേഷിക്കുക. കേസിൽ ഇന്നലെ രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.
പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഇതിനുപുറമെ, ഹവാല ഇടപാടുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയും കേസെടുത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം എടുത്ത രണ്ട് കേസുകളിലും പിണറായിയുടെ മകൾ വീണ വിജയൻ രണ്ടാം പ്രതിയാണ്. പിണറായി വിജയനും മുഹമ്മദ് റിയാസും തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അവിഹിതമായി പണമുണ്ടാക്കിയെന്നാണ് എഫ്.ഐ.ആറുകളിലെ പ്രധാന കണ്ടെത്തൽ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റിപ്പോർട്ട് പരിഗണിച്ചാണ് വിജിലൻസ് ഈ നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്.




