മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണ നൽകാൻ കേന്ദ്ര സർക്കാർ; ദേശീയതലത്തിൽ പ്രതിരോധ പ്രചാരണം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണയുമായി കേന്ദ്ര സർക്കാരും ബി.ജെ.പിയും രംഗത്ത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാൻ ബി.ജെ.പി ദേശീയതലത്തിൽ ക്യാമ്പയിൻ ആരംഭിക്കുമ്പോൾ, സി.ജെ.പി നേതാക്കളെ ഒപ്പം നിർത്തി ഭരണഘടനാ സംരക്ഷണ പോരാട്ടം ശക്തമാക്കാനാണ് കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നീക്കം.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാരും ബി.ജെ.പിയും രംഗത്തെത്തിയതോടെ ദേശീയ രാഷ്ട്രീയത്തിൽ വാഗ്വാദങ്ങൾ ശക്തമാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും എസ്.ഐ.ആർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത് ഗ്യാനേഷ് കുമാറിന്റെ പ്രവർത്തന മികവാണെന്നും ചൂണ്ടിക്കാട്ടി ദസറ ആഘോഷങ്ങൾക്ക് ശേഷം രാജ്യവ്യാപകമായി പ്രതിരോധ പ്രചാരണത്തിനൊരുങ്ങുകയാണ് ബി.ജെ.പി. പാർലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തിലും വിഷയം സജീവമായി ഉന്നയിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സി.ജെ.പി (കോക്ക്റോച്ച് ജനതാ പാർട്ടി) നേതാക്കളെ ഒപ്പം നിർത്തി ഭരണഘടനാ സംരക്ഷണ പോരാട്ടം ശക്തമാക്കാനാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും നീക്കം. മുൻപ് ആം ആദ്മി പാർട്ടിയുടെ നിഴൽ സംഘടനയെന്ന സംശയത്താൽ അകറ്റി നിർത്തിയിരുന്ന സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയെ, രാഹുൽ ഗാന്ധി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വഴി ചായസൽക്കാരത്തിലേക്ക് ക്ഷണിച്ചതും നിലപാടിലെ ഈ മാറ്റം വ്യക്തമാക്കുന്നു. ജന്തർ മന്തറിലെ പ്രതിഷേധത്തെ തുടർന്ന് കസ്റ്റഡിയിലായ സൗരവ് ദാസ് ഉൾപ്പെടെയുള്ള സി.ജെ.പി നേതാക്കളുടെ അറസ്റ്റിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിക്കുകയും, ദേശീയപതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്ന് 'എക്സ്' (X) പ്ലാറ്റ്ഫോമിലൂടെ കുറ്റപ്പെടുത്തുകയും ചെയ്തു.




