ശബ്ദം കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞു, കാഴ്ചാപരിമിതിയുള്ള യുവതിയോട് ട്രെയിനിൽ കൊടും ക്രൂരത; 46കാരന് 15 വർഷം കഠിനതടവ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

2021-ൽ ട്രെയിൻ യാത്രയ്ക്കിടെ കാഴ്ചാപരിമിതിയുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും വിധിച്ചു. തമിഴ്നാട് സ്വദേശിയായ ലിംഗരാജയെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ശബ്ദം കേൾപ്പിച്ചാണ് യുവതി പ്രതിയെ തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ കാഴ്ചാപരിമിതിയുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു. തമിഴ്നാട് തിരുനെൽവേലി രാധാപുരം കീഴാവൂർ സ്വദേശി ലിംഗരാജനെയാണ് (46) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദ് ശിക്ഷിച്ചത്. പിഴത്തുക ഇരയായ യുവതിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക കഠിനതടവ് അനുഭവിക്കേണ്ടിവരും.
2021 ഓഗസ്റ്റ് 27-നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹാവശ്യത്തിനായി ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. ഇവർക്ക് കാഴ്ചശക്തിയില്ലെന്ന് മനസ്സിലാക്കിയ പ്രതി യുവതി സഞ്ചരിച്ചിരുന്ന കോച്ചിലേക്ക് കടന്നുകയറുകയായിരുന്നു. ആലുവ മുതൽ കൊല്ലം വരെയുള്ള യാത്രയ്ക്കിടെയാണ് പ്രതി യുവതിയെ പീഡനത്തിനിരയാക്കിയത്.
തിരുവനന്തപുരത്ത് എത്തിയശേഷം മറ്റൊരു കോച്ചിലുണ്ടായിരുന്ന സുഹൃത്തിനോട് യുവതി വിവരം പറയുകയും തുടർന്ന് റെയിൽവേ പോലീസും തമ്പാനൂർ പോലീസും ചേർന്ന് പ്രതിയെ വലയിലാക്കുകയുമായിരുന്നു.
നേരിട്ട് കണ്ട സാക്ഷികളില്ലാതിരുന്ന കേസിൽ ശക്തമായ സാഹചര്യത്തെളിവുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. കാഴ്ചാപരിമിതിയുള്ള യുവതി പ്രതിയുടെ ശബ്ദം തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായക വഴിത്തിരിവായത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി. അന്നത്തെ തിരുവനന്തപുരം റെയിൽവേ പോലീസ് ഇൻസ്പെക്ടർമാരായ പ്രസാദ്, അഭിലാഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.




