ഏഴാം പ്രസവത്തിന് പിന്നാലെ 4 ദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തൃശൂർ ചാവക്കാട്ട് മതിയായ ചികിത്സ ലഭിക്കാതെ ഏഴാം പ്രസവത്തിൽ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ നാലു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. ഭർത്താവിനും വ്യാജ അക്യുപംക്ചർ ചികിത്സകർക്കുമെതിരെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തൃശൂർ: ചാവക്കാട്ട് നാലു ദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ചാവക്കാട് സ്വദേശികളായ ഇബ്രാഹിം - മുഹ്സിന ദമ്പതികളുടെ മകളുടെ മൃതദേഹമാണ് പുറത്തെടുക്കുന്നത്.
2021 ജനുവരി 10നായിരുന്നു കുഞ്ഞ് മരണപ്പെട്ടത്. അന്ന് പോസ്റ്റുമോർട്ടം നടത്താതെയാണ് മൃതദേഹം മറവു ചെയ്തിരുന്നത്. എന്നാൽ ഏഴാമത്തെ പ്രസവത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 20ന് മുഹ്‌സിന മരണപ്പെട്ടതോടെയാണ് പഴയ സംഭവത്തിലും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നത്.
ഭർത്താവ് ഇബ്രാഹിം മതിയായ ചികിത്സ നൽകാതെ ഗാർഹിക പീഡനത്തിന് ഇരയാക്കിയാണ് മുഹ്‌സിനയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അന്നത്തെ കുഞ്ഞിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഇതേത്തുടർന്ന് ചാവക്കാട് സബ് ഇൻസ്പെക്ടർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ടത്.
സംഭവത്തിൽ ഭർത്താവ് ഇബ്രാഹിം, വ്യാജ ചികിത്സ നൽകിയതിന് ചാവക്കാട് ചേറ്റുവ റോഡിലെ ഫെയ്സിറ്റ അക്യുപംക്ചർ സ്ഥാപനം നടത്തുന്ന റുവൈദ ഫൈസൽ, അക്യുപംക്ചർ പ്രചാരകൻ കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.




