2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കെഎഫ്സി വായ്പ തട്ടിപ്പ്; പി വി അൻവറിന് വീണ്ടും തിരിച്ചടി, വിജിലൻസ് കേസ് റദ്ദാക്കണം എന്ന ഹർജി തള്ളി ഹൈക്കോടതി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 08:25 AM
പങ്കുവെക്കുക:
കെഎഫ്സി വായ്പ തട്ടിപ്പ്; പി വി അൻവറിന് വീണ്ടും തിരിച്ചടി, വിജിലൻസ് കേസ് റദ്ദാക്കണം എന്ന ഹർജി തള്ളി ഹൈക്കോടതി
കെഎഫ്സി വായ്പ തട്ടിപ്പ്; പി വി അൻവറിന് വീണ്ടും തിരിച്ചടി, വിജിലൻസ് കേസ് റദ്ദാക്കണം എന്ന ഹർജി തള്ളി ഹൈക്കോടതികേരളപ്രഭാതം

കെഎഫ്‌സി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കണമെന്ന പി.വി. അൻവറിന്റെ ഹർജി ഹൈക്കോടതി വീണ്ടും തള്ളി. ഇ.ഡി അന്വേഷണം നിലനിൽക്കുന്ന സാഹചര്യത്തിൽ എഫ്.ഐ.ആർ റദ്ദാക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പരാതിക്കാരന്റെ വാദത്തെ തുടർന്ന് ഹർജി പിൻവലിക്കുകയായിരുന്നു.

കൊച്ചി: കെഎഫ്‌സി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കണമെന്ന മുൻ എംഎൽഎ പി.വി. അൻവറിന്റെ ഹർജി ഹൈക്കോടതി തള്ളി. സമാന ആവശ്യവുമായി സമർപ്പിച്ച ഹർജി തള്ളുന്നത് ഇത് രണ്ടാം തവണയാണ്. 22.30 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിലാണ് അൻവറിനും ഉദ്യോഗസ്ഥർക്കും എതിരെ വിജിലൻസ് കേസെടുത്തിരുന്നത്.

വിജിലൻസ് നടപടിക്ക് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ എഫ്.ഐ.ആർ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രൻ കോടതിയെ അറിയിച്ചു. അൻവറിനെതിരായ തെളിവുകളും കോടതിയിൽ ഹാജരാക്കി.

ഇതോടെ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അൻവറിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഹർജി തള്ളാൻ ഉത്തരവിട്ടു. കഴിഞ്ഞ മാർച്ച് മാസത്തിലും ഇതേ ആവശ്യവുമായി അൻവർ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ 29-നാണ് കെഎഫ്‌സി തട്ടിപ്പിൽ തിരുവനന്തപുരം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ അൻവർ അടക്കമുള്ളവരെ പ്രതി ചേർത്തത്. കേരള ഫിനാൻസ് കോർപ്പറേഷൻ മലപ്പുറം ബ്രാഞ്ച് ചീഫ് മാനേജർ അബ്ദുൽ മനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, ജൂനിയർ ടെക്‌നിക്കൽ ഓഫീസർ മുനീർ അഹമ്മദ്, പി.വി. അൻവർ, അൻവറിന്റെ ഡ്രൈവറും മാലംകുളം കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ സിയാദ് എന്നിവരാണ് കേസിൽ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും പ്രതികൾ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)