രേഖയില്ലാത്ത 12.5 ലക്ഷം രൂപ, 80 ബ്ലാങ്ക് ചെക്കുകൾ, വാഹനങ്ങളുടെ ആർ സി ബുക്കുകൾ തുടങ്ങിയവ കണ്ടെത്തി; അനധികൃത പണമിടപാടുകാരെ പിടികൂടി പൊലീസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

എറണാകുളം റൂറൽ ജില്ലയിൽ അനധികൃത പണമിടപാടുകൾക്കെതിരെ പൊലീസ് നടത്തിയ വ്യാപക റെയ്ഡിൽ നാല് പേർക്കെതിരെ കേസെടുത്തു. രേഖകളില്ലാത്ത 12.5 ലക്ഷം രൂപയും 80 ബ്ലാങ്ക് ചെക്കുകളും വാഹനങ്ങളുടെ ആർ.സി ബുക്കുകളും അടക്കം നിരവധി തൊണ്ടിമുതലുകൾ പിടിച്ചെടുത്തു.
കൊച്ചി:റൂറൽ ജില്ലയിൽ അനധികൃത പണമിടപാടിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഞായറാഴ്ച 42 കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ നാല് പേർക്കെതിരെ കേസെടുത്തു. കുറുമശേരി ആലപ്പടി സ്വദേശി മിനി, ആലങ്ങാട് ഓളനാട് സ്വദേശി സീന, മൂവാറ്റുപുഴ വാളകം സ്വദേശി ബെന്നി, വാഴക്കുളം സ്വദേശി ഷിനോയ് എന്നിവർക്കെതിരെയാണ് നടപടി. ആലുവ (10), പെരുമ്പാവൂർ (10), മൂവാറ്റുപുഴ (11), മുനമ്പം (8), പുത്തൻകുരിശ് (3) എന്നീ സബ് ഡിവിഷനുകളിലായി നടന്ന റെയ്ഡിൽ രേഖകളില്ലാത്ത 12.5 ലക്ഷം രൂപ, 80-ലധികം ബ്ലാങ്ക് ചെക്കുകൾ, പേരും തീയതിയും രേഖപ്പെടുത്താത്ത ചെക്കുകൾ, വാഹനങ്ങളുടെ ആർ.സി ബുക്കുകൾ, പണമിടപാട് രജിസ്റ്ററുകൾ, 11 ഇരുചക്ര വാഹനങ്ങൾ, രണ്ട് കാറുകൾ എന്നിവ പിടിച്ചെടുത്തു. ഉയർന്ന പലിശ ഈടാക്കുന്നതിനായി ഇരകളിൽ നിന്നും ബ്ലാങ്ക് ചെക്കുകളും ആർ.സി ബുക്കുകളും ഈടായി വാങ്ങി വരുന്ന സംഘങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.




