ഇന്ന് രാത്രി 10 മുതൽ നാളെ രാത്രി 10 വരെ ഇന്റർനെറ്റ് കട്ട്; സിജെപി സമരത്തെ നേരിടാൻ ഉത്തരവുമായി ദില്ലി പൊലീസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സിജെപി സമരം തടയുന്നതിനായി ജനപഥ്-കർത്തവ്യപഥ് പ്രദേശത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്ന് രാത്രി 10 മുതൽ നാളെ രാത്രി 10 വരെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാൻ ദില്ലി പൊലീസ് ഉത്തരവിട്ടു.
ന്യൂഡൽഹി: സിജെപി (CJP) സമരം തടയുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളുമായി ദില്ലി പൊലീസ്. ജനപഥ്-കർത്തവ്യപഥ് ക്രോസിംഗിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്ന് രാത്രി 10 മണി മുതൽ നാളെ രാത്രി 10 മണി വരെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കും.
ഇതുസംബന്ധിച്ച് എയർടെൽ, വോഡഫോൺ-ഐഡിയ, ജിയോ, എം.ടി.എൻ.എൽ തുടങ്ങിയ മുൻനിര ടെലികോം സേവന ദാതാക്കൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പുതിയ ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023-ലെ സെക്ഷൻ 20(2)(b) പ്രകാരമാണ് പൊലീസിന്റെ ഈ നിർണായക നടപടി.
നിയന്ത്രണം ഏർപ്പെടുത്താനുള്ള ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മനീഷി ചന്ദ്രയുടെ അഭ്യർത്ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ഉത്തരവ് എത്രയും വേഗം പ്രാബല്യത്തിൽ വരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ടെലികോം കമ്പനികളോട് ഡെപ്യൂട്ടി കമ്മീഷണർ ആവശ്യപ്പെട്ടു.




