World Mental Health Day 2026 : മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ചില വഴികൾ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഇന്ന് ലോക മാനസികാരോഗ്യ ദിനം; 'ജീവിതാനുഭവങ്ങൾ കേൾക്കുന്നു: യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റം' എന്നതാണ് 2026-ലെ പ്രമേയം. ശാരീരിക ആരോഗ്യത്തിനൊപ്പം ഡിജിറ്റൽ നിയന്ത്രണവും പ്രകൃതിയുമായുള്ള ഇണക്കവും വഴി മാനസികാരോഗ്യം മെച്ചപ്പെടുത്താമെന്ന് ഈ ദിനം ഓർമിപ്പിക്കുന്നു.
കോഴിക്കോട്: ശാരീരിക ആരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം മാനസികാരോഗ്യത്തിനും നൽകേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എല്ലാ വർഷവും ഒക്ടോബർ 10ന് ആചരിക്കുന്ന ലോക മാനസികാരോഗ്യ ദിനം ഓർമിപ്പിക്കുന്നതും മറ്റൊന്നുമല്ല. "ജീവിതാനുഭവങ്ങൾ കേൾക്കുന്നു: യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റം" എന്നതാണ് 2026-ലെ ലോക മാനസികാരോഗ്യ ദിന പ്രമേയം.
സമ്മർദ്ദവും ഉത്കണ്ഠയും നിറഞ്ഞ ആധുനിക ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾ മനുഷ്യന്റെ മാനസിക ക്ഷേമത്തെ ഗുരുതരമായി ബാധിച്ചേക്കാം. എന്നാൽ ചെറിയ തോതിലുള്ളതും എന്നാൽ തുടർച്ചയായതുമായ പരിശ്രമങ്ങളിലൂടെ മാനസികാരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 1992-ൽ 'വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത്' (World Federation for Mental Health) ലോകാരോഗ്യ സംഘടനയുടെ (WHO) നേതൃത്വത്തിലാണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്.
മാനസികാരോഗ്യം വീണ്ടെടുക്കാൻ ചില ലളിതമായ വഴികൾ:
1. സജീവമായ ശരീരചലനങ്ങൾ: നടപ്പ്, ഓട്ടം, നീന്തൽ തുടങ്ങിയ നിങ്ങൾക്ക് ഇഷ്ടമുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഇത് ശരീരത്തിന് ഉന്മേഷം വർദ്ധിപ്പിക്കാനും ഉത്കണ്ഠ ഒരു പരിധി വരെ കുറയ്ക്കാനും സഹായിക്കും.
2. സ്ക്രീൻ സമയം നിയന്ത്രിക്കാം: അമിതമായ സ്ക്രീൻ ഉപയോഗം മാനസികാരോഗ്യത്തെ തകർക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. നിരന്തരമായ താരതമ്യപ്പെടുത്തലുകളും സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് വാർത്തകളും കടുത്ത സമ്മർദ്ദത്തിനും മാനസിക ഉത്കണ്ഠയ്ക്കും കാരണമായേക്കാം. ഡിജിറ്റൽ ഡിടോക്സ് ശീലമാക്കുന്നത് മനസ്സിന് ഭാരം കുറയ്ക്കും.
3. പോഷകസമൃദ്ധമായ ആഹാരം: ഊർജ്ജവും മികച്ച മാനസികാവസ്ഥയും നിലനിർത്താൻ പോഷകങ്ങൾ നിറഞ്ഞ ആഹാരം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക.
4. പ്രകൃതിയോട് ചേർന്ന് നിൽക്കാം: തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയിൽ സമയം ചെലവഴിക്കുക എന്നത് മറ്റൊരു പ്രധാന വഴിയാണ്. സമ്മർദ്ദം കുറയ്ക്കാനും മനസ്സിന് ശാന്തത പകരാനും പുറത്ത് അല്പനേരം നടക്കുകയോ പ്രകൃതിയോടൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യാം.
5. കൃത്യമായ ഉറക്കം: ദിവസവും കൃത്യസമയത്ത് ഉറങ്ങാൻ ശീലിക്കുക. മതിയായ ഉറക്കം മനസ്സിന് ശാന്തതയും പുതിയ ഉന്മേഷവും നൽകും. ശരിയായ ഉറക്കം ശരീരത്തിനും മനസ്സിനും ഒരുപോലെ അത്യന്താപേക്ഷിതമാണ്.




