ശ്വാസകോശ ക്യാൻസർ ; ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം (ലംഗ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചു; മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി വത്തിക്കാൻ അറിയിച്ചു. വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു.
ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു. ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചൊവ്വാഴ്ച 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കാണ് 71 കാരനായ മാർപാപ്പ വിധേയനായത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സങ്കീർണതകൾ ഒന്നുമില്ലെന്നും വത്തിക്കാൻ വ്യക്തമാക്കി. ഒരാഴ്ചത്തെ പൂർണവിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. പതിവ് ആരോഗ്യ പരിശോധനക്കിടെയാണ് മാർപാപ്പയുടെ ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയത്.
ശ്വാസകോശ അർബുദത്തിന്റെ ഒരു വകഭേദമായ 'ലംഗ് അഡിനോകാർസിനോമ'
ശ്വാസകോശ അർബുദത്തിന്റെ ഒരു വകഭേദമായ 'ലംഗ് അഡിനോകാർസിനോമ' (lung adenocarcinoma) ആണ് മാർപാപ്പയെ ബാധിച്ചത്. ശ്വാസകോശ അർബുദ കേസുകളിൽ ഏകദേശം 40 ശതമാനവും വരുന്ന 'നോൺ-സ്മോൾ സെൽ ലംഗ് ക്യാൻസർ' (NSCLC) വിഭാഗത്തിലെ ഏറ്റവും സാധാരണമായ ഉപവിഭാഗമാണിത്.
ശ്വാസകോശത്തിന്റെ പുറംഭാഗങ്ങളിലോ അരികുകളിലോ ഉള്ള മ്യൂകസ് (mucus) ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി കോശങ്ങളിലാണ് ഇത് സാധാരണയായി ഉണ്ടാകുന്നത് എന്ന് താനെയിലെ കിംസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റായ ഡോ. ജിനേഷ് സിംഗ്വി വ്യക്തമാക്കി. ശ്വാസകോശ കോശങ്ങളുടെ നിയന്ത്രണാതീതമായ വളർച്ച മൂലം ഉണ്ടാകുന്ന രോഗമാണിത്. ട്യൂമറിന്റെ വലിപ്പം, സ്ഥാനം, സമീപത്തുള്ള ലിംഫ് നോഡുകളിലേക്കോ മറ്റ് അവയവങ്ങളിലേക്കോ രോഗം പടർന്നിട്ടുണ്ടോ എന്നത്, ക്യാൻസർ കോശങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് രോഗനിർണയത്തിന്റെ ഗൗരവം തീരുമാനിക്കപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.
ശ്വാസകോശ ക്യാൻസർ; ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
വിട്ടുമാറാത്ത ചുമ: ചുമയ്ക്കുമ്പോൾ രക്തം അല്ലെങ്കിൽ രക്തം കലർന്ന കഫം വരിക.
ശ്വാസതടസ്സവും ശബ്ദവും: ശ്വാസംമുട്ടൽ അല്ലെങ്കിൽ ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം (വീസിംഗ്). പതിവ് ജോലികൾക്കിടയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുക.
ശരീരവേദന: നെഞ്ച്, തോളെല്ല് അല്ലെങ്കിൽ പുറം ഭാഗം എന്നിവിടങ്ങളിലെ വേദന.
ശരീരഭാരത്തിലും ഊർജത്തിലും മാറ്റം: കാരണം വ്യക്തമല്ലാത്ത ശരീരഭാരം കുറയലും അമിതമായ ക്ഷീണവും.
ശബ്ദവ്യത്യാസം: ശബ്ദത്തിൽ ഉണ്ടാകുന്ന മാറ്റം (അടഞ്ഞ ശബ്ദം).
കഴുത്തിലെ മുഴകൾ: കഴുത്തിലോ കോളർബോണിന് (collarbone) മുകളിലോ ഉള്ള ലിംഫ് നോഡുകളിലേക്ക് ശ്വാസകോശ ക്യാൻസർ പടർന്നതിന്റെ (മെറ്റാസ്റ്റാസിസ്) ലക്ഷണമായി കഴുത്തിലെ മുഴ കാണപ്പെടാം. (അണുബാധ, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ, തലയിലോ കഴുത്തിലോ ഉണ്ടാകുന്ന മറ്റ് രോഗാവസ്ഥകൾ എന്നിങ്ങനെയുള്ള ക്യാൻസർ അല്ലാത്ത കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാം).
ആവർത്തിച്ചുള്ള അണുബാധകൾ: മുതിർന്നവരിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ നിസാരമായി കാണരുത്. പുകവലിക്കാത്ത മുതിർന്നവരിൽ ആരംഭിക്കുന്ന ശ്വാസതടസ്സം അല്ലെങ്കിൽ ആസ്ത്മ വഷളാകുന്നത് എന്നിവയും ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാകാം.




