തിയേറ്ററുകളിൽ മികച്ച പ്രതികരണം; സൈജു കുറുപ്പ് ചിത്രം ‘ആരം’ സക്സസ് ടീസർ പുറത്ത്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുന്ന സൈജു കുറുപ്പ് ചിത്രം ‘ആര’ത്തിന്റെ സക്സസ് ടീസർ പുറത്തിറങ്ങി. രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലറിന്റെ ഒടിടി അവകാശം സോണി ലിവ് സ്വന്തമാക്കി.
സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം ‘ആരം’ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ചിത്രത്തിന്റെ വിജയവും പ്രേക്ഷക പ്രതികരണങ്ങളും കോർത്തിണക്കിയ സക്സസ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
വ്യത്യസ്തമായ അന്വേഷണരീതിയും അപ്രതീക്ഷിത ട്വിസ്റ്റുകളും സൈജു കുറുപ്പിന്റെ ശ്രദ്ധേയമായ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഒരു മരണത്തെ ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൈജു കുറുപ്പ് എത്തിയത്. അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പ്, ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.
വിഷ്ണു രാമചന്ദ്രന്റേതാണ് തിരക്കഥ. ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റിംഗ്: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷ്ണൻ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിട്ടുണ്ട്. തിയേറ്റർ പ്രദർശനത്തിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക.




