എഐ തൊഴിലാളികളെ ബാധിക്കുമോ? ഉത്തരവുമായി ജെഫ് ബെസോസ്; 'ഭാവിയിൽ ആഴ്ചയിൽ 3 ദിവസം ജോലി ചെയ്താൽ മതിയാകും'
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

നിർമ്മിത ബുദ്ധി കൊണ്ടുവരുന്ന ഉയർന്ന ഉത്പാദനക്ഷമത മൂലം ഭാവിയിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്ത് ആളുകൾക്ക് ജീവിക്കാൻ സാധിക്കുമെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് വ്യക്തമാക്കി. എന്നാൽ, എഐ മനുഷ്യരുടെ തൊഴിലവസരങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുമെന്ന ആശങ്കയോട് യോജിക്കുന്നില്ലെന്നും അദ്ദേഹം ഫോക്സ് ന്യൂസ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
നിർമ്മിത ബുദ്ധി (എഐ) ജനങ്ങളുടെ തൊഴിലിനെയും സാമ്പത്തിക സ്ഥിതിയെയും പൂർണ്ണമായി മാറ്റിമറിക്കുമെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. എഐ സാങ്കേതികവിദ്യ സമ്മാനിക്കുന്ന ഉയർന്ന ഉത്പാദനക്ഷമത മൂലം ഭാവിയിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്ത് ജീവിക്കാൻ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐ തൊഴിലവസരങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുമെന്ന ഭയത്തോട് തനിക്ക് യോജിക്കാനാകില്ലെന്നും ബെസോസ് വ്യക്തമാക്കി.
ഫോക്സ് ന്യൂസ് അവതാരകൻ ബ്രെറ്റ് ബെയറുമായി നടത്തിയ അഭിമുഖത്തിലാണ് ബെസോസ് തൻ്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്. ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുന്നതോടെ ആളുകൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്ത് കുടുംബം പുലർത്താൻ സാധിക്കും. നിലവിൽ രണ്ട് പേർ ജോലി ചെയ്യുന്ന കുടുംബങ്ങളിൽ ഒരാളുടെ വരുമാനം കൊണ്ട് മാത്രം ജീവിതച്ചെലവുകൾ കണ്ടെത്താനാകുന്ന സാഹചര്യമുണ്ടാകും. ഒന്നിലധികം ജോലികൾ ചെയ്യേണ്ടിവരുന്ന അവസ്ഥ ഇല്ലാതാകുന്നതോടെ തൊഴിലുടമകൾക്ക് ജീവനക്കാരെ ലഭിക്കുന്നത് കൂടുതൽ പ്രയാസകരമാകുമെന്നും ബെസോസ് ചൂണ്ടിക്കാട്ടി.
അതേസമയം, 2025 അവസാനത്തിനു ശേഷം ആമസോൺ ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന്, കോവിഡ് കാലത്ത് കമ്പനി നടത്തിയ വൻ നിയമനങ്ങളുടെ സ്വാഭാവിക പുനഃക്രമീകരണമാണിതെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. നിലവിൽ 'പ്രൊമിത്യൂസ്' എന്ന എഐ കമ്പനിയുടെ സഹസ്ഥാപകൻ കൂടിയാണ് ബെസോസ്. എഐ നിക്ഷേപങ്ങൾ സാമ്പത്തിക ബാബിൾ മാത്രമാണോ എന്ന സംശയത്തിന്, പ്രായോഗികവും ഉപയോഗപ്രദവുമായ കണ്ടുപിടുത്തങ്ങൾ ഏതൊരു സാമ്പത്തിക പ്രതിസന്ധിയെയും അതിജീവിച്ച് നിലനിൽക്കുമെന്ന് അദ്ദേഹം മറുപടി നൽകി.




