യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇൻഡിഗോയ്ക്ക് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യയും!
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വ്യോമയാന ഇന്ധനവില ഉയർന്നതിനെ തുടർന്ന് ഇൻഡിഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഫ്യുവൽ സർചാർജ് വർധിപ്പിച്ചു. ഒക്ടോബർ 9 മുതൽ നടത്തുന്ന പുതിയ ബുക്കിംഗുകൾക്ക് ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ഉയർന്ന നിരക്ക് ബാധകമായിരിക്കും.
ന്യൂഡൽഹി: വ്യോമയാന ഇന്ധന വില (എടിഎഫ്) ഉയർന്നതിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്കുള്ള ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഇന്ധന സർചാർജ് പരിഷ്കരിച്ചുള്ള ഇൻഡിഗോയുടെ തീരുമാനത്തിന് പിന്നാലെയാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള വിമാനക്കമ്പനികളും നിരക്ക് വർധന പ്രഖ്യാപിച്ചത്. ഒക്ടോബർ ഒമ്പത് മുതൽ നടത്തുന്ന പുതിയ ബുക്കിംഗുകൾക്ക് പുതുക്കിയ നിരക്ക് ബാധകമാണ്.
ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ മാറ്റങ്ങളും പ്രവർത്തനച്ചെലവിലെ വർധനവുമാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് കമ്പനി അറിയിച്ചു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ധനവില വർധിക്കാൻ ഇടയാക്കിയതും സാമ്പത്തിക ഭാരം ഉയർത്തിയിട്ടുണ്ട്.
പുതുക്കിയ ഫ്യുവൽ സർചാർജ് നിരക്കുകൾ:
ആഭ്യന്തര സർവീസുകൾ:
1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക്: ₹850
1,500 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര യാത്രകൾക്ക്: ₹1,200
അന്താരാഷ്ട്ര സർവീസുകൾ:
നോർത്ത് അമേരിക്കൻ രാജ്യങ്ങളിലേക്ക്: 215 യു.എസ് ഡോളർ
ഓസ്‌ട്രേലിയയിലേക്ക്: 210 യു.എസ് ഡോളർ
യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക്: 135 യു.എസ് ഡോളർ
ഒക്ടോബർ ഒമ്പത് അർദ്ധരാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസിലും രാവിലെ 11 മണി മുതൽ എയർ ഇന്ത്യയിലും നടത്തുന്ന പുതിയ ബുക്കിംഗുകൾക്ക് പരിഷ്കരിച്ച നിരക്ക് ബാധകമായിരിക്കും. വിമാന സർവീസിന്റെ മൊത്തം പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധന ചെലവാണെന്നും, ഭാവിയിലും ഇന്ധനവില ഉയർന്ന നിലയിൽ തുടർന്നാൽ ടിക്കറ്റ് നിരക്കുകൾ ഇനിയും ഉയർന്നേക്കാമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.




