2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കടം സര്‍വകാല റെക്കോര്‍ഡില്‍! കടക്കെണിയില്‍ അമര്‍ന്ന് അമേരിക്കന്‍ കര്‍ഷകരെന്ന് റിപ്പോർട്ട്, യഥാർത്ഥ കാരണം എന്ത്?

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 11:49 AM
പങ്കുവെക്കുക:
കടം സര്‍വകാല റെക്കോര്‍ഡില്‍! കടക്കെണിയില്‍ അമര്‍ന്ന് അമേരിക്കന്‍ കര്‍ഷകരെന്ന് റിപ്പോർട്ട്, യഥാർത്ഥ കാരണം എന്ത്?
കടം സര്‍വകാല റെക്കോര്‍ഡില്‍! കടക്കെണിയില്‍ അമര്‍ന്ന് അമേരിക്കന്‍ കര്‍ഷകരെന്ന് റിപ്പോർട്ട്, യഥാർത്ഥ കാരണം എന്ത്?കേരളപ്രഭാതം

അമേരിക്കൻ കർഷകരുടെ കടബാധ്യത 605 ബില്യൺ ഡോളർ കടന്ന് സർവ്വകാല റെക്കോർഡിലെത്തി. വിലത്തകർച്ചയും ആഗോള യുദ്ധങ്ങളും കാരണം പ്രതിസന്ധിയിലായ കർഷകർക്ക് ഔദ്യോഗിക കണക്കുകളേക്കാൾ വൻ തുകയുടെ ബാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

അമേരിക്കയിലെ കാർഷിക മേഖല ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് വീഴുന്നതായി റിപ്പോർട്ട്. രാജ്യത്തെ കർഷകരുടെ കടബാധ്യത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ദൈനംദിന കൃഷിച്ചെലവുകൾക്കും ഉൽപ്പാദന ആവശ്യങ്ങൾക്കുമായി കർഷകർ വായ്പയെടുക്കുന്ന തുക സർവ്വകാല റെക്കോർഡിലാണ്. എന്നാൽ യു.എസ് കൃഷി മന്ത്രാലയം (യു.എസ്.ഡി.എ) പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകളേക്കാൾ ഭയാനകമാണ് യഥാർത്ഥ സാഹചര്യമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് വെളിപ്പെടുത്തുന്നു.

ബാങ്കുകൾക്ക് പുറമെ സ്വകാര്യ കമ്പനികൾ, കാർഷിക സഹകരണ സംഘങ്ങൾ, യന്ത്രസാമഗ്രി നിർമ്മാതാക്കൾ, ഫിൻടെക് സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് കർഷകർ വ്യാപകമായി കടമെടുക്കുന്നുണ്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും സർക്കാർ കണക്കുകളിൽ ഉൾപ്പെടുന്നില്ല.

വിലത്തകർച്ചയും യുദ്ധങ്ങളും തിരിച്ചടിയായി കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രതീക്ഷിച്ച വില ലഭിക്കാത്തതും വിത്ത്, വളം തുടങ്ങിയ ഉൽപ്പാദന സാമഗ്രികളുടെ വിലക്കയറ്റവും കർഷകരുടെ ലാഭം കുത്തനെ കുറച്ചു. ഇതിന് പുറമെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും തിരിച്ചടിയായി. ചൈന ഉൾപ്പെടെയുള്ള പ്രമുഖ ഉപഭോക്തൃ രാജ്യങ്ങളുമായി യു.എസ് നടത്തുന്ന വ്യാപാര തർക്കങ്ങൾ കാർഷിക കയറ്റുമതിയെ ബാധിച്ചു. ഇസ്രായേൽ - ഇറാൻ സംഘർഷത്തെ തുടർന്ന് ഇന്ധനത്തിനും വളത്തിനും വില ഉയർന്നതും കർഷകരുടെ നടുവൊടിച്ചു.

യു.എസ് കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2000-ൽ 300 ബില്യൺ ഡോളറായിരുന്ന ആകെ കാർഷിക കടം ഈ വർഷം 605 ബില്യൺ ഡോളറിലധികമായാണ് (ഏകദേശം 50 ലക്ഷം കോടിയിലധികം രൂപ) ഉയർന്നത്.

ഒരു കുടുംബത്തിന് 42 വായ്പകൾ! അമേരിക്കയിലെ ഏഴ് ദക്ഷിണ-മധ്യപടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ 52-ലേറെ പ്രമുഖ കർഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് തയ്യാറാക്കിയത്. ഭൂരിഭാഗം കർഷകർക്കും ഏഴ് മുതൽ പത്ത് വരെ വ്യത്യസ്ത വായ്പാ അക്കൗണ്ടുകളുണ്ട്. ചിലർക്കിത് മുപ്പതിലധികമാണ്. അയൊവയിലെ ഒരു കർഷക കുടുംബത്തിന് മാത്രം 42 വായ്പാ അക്കൗണ്ടുകളുണ്ടെന്ന വിവരവും പുറത്തുവന്നു. ട്രാക്ടറുകളും മറ്റ് യന്ത്രസാമഗ്രികളും വാങ്ങുമ്പോഴും ലീസിനെടുക്കുമ്പോഴും ഡീലർമാർ ഓരോന്നിനും വേവ്വേറെ ക്രെഡിറ്റ് അക്കൗണ്ടുകൾ നിർബന്ധമാക്കുന്നതാണ് വായ്പകളുടെ എണ്ണം വർധിക്കാൻ കാരണം.

കർഷകർ കടക്കെണിയിൽ അമരുന്നത് രാജ്യത്തിന്റെ കാർഷിക രംഗത്തെ മാത്രമല്ല, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)