സൗദിയിൽ ഫ്രീ ലാൻസ് ജോലി ചെയ്യുന്നവർ സൂക്ഷിക്കുക, അരലക്ഷം റിയാൽ പിഴയും ആറുമാസം തടവും

റിയാദ്: സൗദി അറേബ്യയിൽ തൊഴിലുടമയുടെ കീഴിലല്ലാതെ സ്വന്തം നിലയിൽ (സ്വയം തൊഴിൽ) ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
നിയമലംഘനം നടത്തുന്ന വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവുശിക്ഷയും ലഭിക്കും. ശിക്ഷാകാലയളവിനു ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ പൂർണമായും പാലിക്കാൻ സ്വദേശികളും വിദേശികളും ബാധ്യസ്ഥരാണ്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ വിവരമറിയിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.
നിയമലംഘകരെക്കുറിച്ച് വിവരങ്ങൾ നൽകുന്നതിനായി പ്രത്യേക ടോൾ ഫ്രീ നമ്പറുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.
