നയൻതാര- കവിൻ ചിത്രം ‘ഹായ്’ റിലീസിനൊരുങ്ങുന്നു; ആദ്യ ഗാനം പുറത്ത്

കൊച്ചി: നയൻതാരയെ നായികയാക്കി വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹായ്’ റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 28നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. കവിൻ നായകനായി എത്തുന്ന ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി-റൊമാന്റിക് എന്റർടെയ്നറാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
റിലീസിന് മുന്നോടിയായി ചിത്രത്തിലെ ആദ്യ ഗാനമായ ‘കുടികാര നെഞ്ച്’ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജെൻ മാർട്ടിൻ സംഗീതം പകർന്ന് സംവിധായകൻ വിഷ്ണു ഇടവൻ തന്നെ വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ധ്രുവ് വിക്രമാണ്.
രാജേഷ് ശുക്ലയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഫിലോമിൻ രാജ് എഡിറ്റിങ്ങും ബി. ശേഖർ കലാസംവിധാനവും നിർവഹിക്കുന്നു. ദിനേഷ് കാശിയാണ് സ്റ്റണ്ട് കൊറിയോഗ്രാഫി.
അതേസമയം, നയൻതാര പ്രധാന വേഷത്തിലെത്തുന്ന ‘മണ്ണാങ്കട്ടി സിൻസ് 1960’ എന്ന ചിത്രത്തിന്റെ ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൗരി കിഷൻ, ദേവദർശനി, നരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയുടെ ലൊക്കേഷൻ ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനാകുന്ന ‘ടോക്സിക്’ ആണ് റിലീസിനൊരുങ്ങുന്ന നയൻതാരയുടെ മറ്റൊരു വമ്പൻ ചിത്രം. ‘ഗംഗ’ എന്ന കഥാപാത്രത്തെയാണ് നയൻതാര ഇതിൽ അവതരിപ്പിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി നിർമിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. രാജീവ് രവിയാണ് ഛായാഗ്രഹണം. ഓഗസ്റ്റ് 24നാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ്.
