‘ഐ ആം ഗെയിം’ മ്യൂസിക് ലോഞ്ച് 29 ന്; ചിത്രം തിയറ്ററുകളിലെത്തുക സെപ്റ്റംബര് 3 ന്

ദുൽഖർ സൽമാനെ നായകനാക്കി ‘ആർ.ഡി.എക്സ്’ എന്ന സൂപ്പർഹിറ്റിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ‘ഐ ആം ഗെയിം’ സിനിമയുടെ മ്യൂസിക് ലോഞ്ചും പ്രീ-റിലീസ് ഇവന്റും ആഗസ്റ്റ് 29 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കാക്കനാട് ഇൻഫോപാർക്ക് എക്സ്പ്രസ് വേയിലെ കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത്തെ ചിത്രവും ഏറ്റവും ചെലവേറിയ പ്രൊജക്റ്റുമായ ഈ ചിത്രം സെപ്റ്റംബർ 3-നാണ് തിയറ്ററുകളിൽ എത്തുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പാൻ-ഇന്ത്യൻ റിലീസായി പ്രേക്ഷകരിലേക്ക് എത്തും.
അതീവ സ്റ്റൈലിഷ് മാസ് അവതാരത്തിലാണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യയിലുടനീളം നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം, മെഗാ ഹിറ്റായ ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന പുതിയ സംരംഭം കൂടിയാണ്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്ന് സംഭാഷണങ്ങൾ തയ്യാറാക്കിയ ചിത്രത്തിന് വമ്പൻ ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്തുന്നത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റർമാരായ അൻപറിവ് ആണ്. ജേക്സ് ബിജോയ് സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഓഡിയോ അവകാശം സീ മ്യൂസിക് കരസ്ഥമാക്കി.
