നിങ്ങളുടെ ടൂത്ത് ബ്രഷ് കൃത്യമായ ഇടവേളകളില്‍ മാറ്റാറുണ്ടോ ? ; ടൂത്ത് ബ്രഷിനോട് എപ്പോള്‍ വിടപറയണം? അറിയാം

വ്യക്തിശുചിത്വത്തിൽ നമ്മൾ ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ദന്തസംരക്ഷണം. എന്നാൽ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് എപ്പോൾ മാറ്റണം എന്ന കാര്യത്തിൽ പലർക്കും കൃത്യമായ ധാരണയില്ല. മൂന്ന് അല്ലെങ്കിൽ നാല് മാസം കൂടുമ്പോൾ ബ്രഷ് മാറ്റണമെന്ന് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ (എ.ഡി.എ) നിർദേശിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും അതിലും കൂടുതൽ കാലം ഒരേ ബ്രഷ് ഉപയോഗിക്കാറാണ് പതിവ്.
ഒരു ബ്രഷിന് തേയ്മാനം സംഭവിച്ചു തുടങ്ങുമ്പോൾ അതിന്റെ കാര്യക്ഷമത പൂർണമായും നഷ്ടപ്പെടുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പല്ലിലെ പ്ലാക്ക് ഫലപ്രദമായി നീക്കം ചെയ്യാനുള്ള ശേഷി കുറയുന്നതിനൊപ്പം, വളഞ്ഞ നാരുകൾ ഇടുങ്ങിയ ഈറകളിൽ മുറിവേൽപ്പിക്കാനും രക്തസ്രാവത്തിന് കാരണമാകാനും സാധ്യതയുണ്ട്. അതിനാൽ നാരുകൾ (bristles) വശങ്ങളിലേക്ക് വളയുന്നതിന് തൊട്ടുമുമ്പ് തന്നെ ബ്രഷ് മാറ്റണം.
ദിവസവും രണ്ടുനേരം രണ്ടു മിനിറ്റ് വീതം മൂന്നു മാസം ബ്രഷ് ചെയ്യുമ്പോൾ ഏകദേശം 500 മിനിറ്റോളം ഒരു ബ്രഷ് ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ സമയം കൊണ്ടുതന്നെ ബ്രഷിന് കാര്യമായ തേയ്മാനം സംഭവിക്കും.
അണുക്കളുടെ സങ്കേതം
ബാക്ടീരിയയും ഫംഗസും സ്വതന്ത്രമായി വളരുന്ന ഇടമായി ടൂത്ത് ബ്രഷുകൾ മാറാറുണ്ട്. വെറും 24 മണിക്കൂർ ഉപയോഗിച്ച ബ്രഷിൽ പോലും പല്ലിലെ ഇനാമലിന് കേടുപാടുകൾ വരുത്തുന്ന ‘സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ്’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനാകുമെന്ന് പഠനങ്ങൾ പറയുന്നു. ഉമിനീര്, ഈർപ്പം, ടൂത്ത് പേസ്റ്റിലെ ഘടകങ്ങൾ എന്നിവ ഇവയ്ക്ക് വളരാൻ അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നു.
ടോയ്ലറ്റിന് സമീപമാണ് ബ്രഷ് സൂക്ഷിക്കുന്നതെങ്കിൽ ഫ്ലഷ് ചെയ്യുമ്പോൾ പുറത്തുവരുന്ന അണുക്കൾ നിറഞ്ഞ കണികകൾ ബ്രഷിൽ അടിയാനും സാധ്യത കൂടുതലാണ്. കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഇത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം.
അസുഖത്തിന് ശേഷം മാറ്റണോ?
പ പകർച്ചവ്യാധികൾ, വയറിളക്കം, വായയിലെ ഫംഗസ് ബാധ എന്നിവയ്ക്ക് ശേഷം ഉപയോഗിച്ച ടൂത്ത് ബ്രഷ് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബാക്ടീരിയയും വൈറസുകളും ബ്രഷിൽ തങ്ങിനിൽക്കാൻ സാധ്യതയുള്ളതിനാലാണിത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ബ്രഷ് ചെയ്ത ശേഷം കുത്തനെ നിർത്തി ഉണങ്ങാൻ അനുവദിക്കുക.
- അടച്ചുവെക്കുന്ന കവറുകൾക്കുള്ളിൽ ബ്രഷ് സൂക്ഷിക്കരുത്.
- ടോയ്ലറ്റ് സീറ്റിൽ നിന്ന് കൃത്യമായ അകലത്തിൽ വെക്കുക.
- ടൂത്ത് ബ്രഷ് മറ്റുള്ളവരുമായി പങ്കുവെക്കരുത്.
- ഒന്നിലധികം ബ്രഷുകൾ ഒരുമിച്ച് വെക്കുമ്പോൾ അവ തമ്മിൽ തൊടാത്ത രീതിയിൽ സൂക്ഷിക്കുക.
