റാഷ്ഫോര്‍ഡിന് ഔദ്യോഗികമായി 9-ാം നമ്പര്‍ ജേഴ്സി നല്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടൻ: വായ്പ അടിസ്ഥാനത്തിൽ കളിച്ച ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ മാർക്കസ് റാഷ്ഫോഡിന് ഒമ്പതാം നമ്പർ ജേഴ്സി നൽകി ക്ലബ്ബ്. എസി മിലാനെതിരായ സൗഹൃദ മത്സരത്തിൽ റാഷ്ഫോഡ് ഈ നമ്പറിലാണ് കളത്തിലിറങ്ങിയത്. 2024 ഡിസംബറിന് ശേഷം യുണൈറ്റഡ് ജേഴ്സിയിൽ താരത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. താത്കാലികമായി നൽകിയതാണെന്ന് മുൻപ് യുണൈറ്റഡ് അറിയിച്ചിരുന്നെങ്കിലും പ്രീമിയർ ലീഗിൽ ഈ നമ്പർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലീഷ് ഫോർവേഡിന്റെ ഭാവിയിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എന്നാൽ തിരിച്ചുവരവിൽ താരത്തിന്റെ പ്രകടനത്തിലും നിലപാടിലും തൃപ്തനാണെന്ന് മാനേജർ മൈക്കൽ കാരിക് വ്യക്തമാക്കി.
“റാഷ്ഫോഡ് മികച്ച കളിക്കാരനാണ്. നീണ്ട കരിയറിൽ കാര്യങ്ങൾ ചിലപ്പോൾ വ്യത്യസ്തമായ ദിശയിലേക്ക് നീങ്ങാം. ഉയർച്ച താഴ്ചകൾ സ്വാഭാവികമാണ്. എന്നാൽ നിലവിൽ ഞങ്ങൾ നല്ല അവസ്ഥയിലാണ്. ടീമിനായി വലിയ സംഭാവനകൾ നൽകാൻ താരത്തിന് സാധിക്കും,” -കാരിക് കൂട്ടിച്ചേർത്തു.
ആസ്റ്റൺ വില്ല, ബാഴ്സലോണ ക്ലബ്ബുകളിൽ കളിക്കുന്നതിന് മുൻപ് 10-ാം നമ്പർ ജേഴ്സിയാണ് റാഷ്ഫോഡ് അണിഞ്ഞിരുന്നത്. ഈ നമ്പർ ഇപ്പോൾ മാത്യു കുഞ്ഞയ്ക്കാണ്. റസ്മസ് ഹോയ്ലണ്ട് നാപ്പോളിയിലേക്ക് മാറിയതോടെയാണ് ഒമ്പതാം നമ്പർ ഒഴിവുവന്നത്.
