ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷനില്ല; പ്രഖ്യാപനം സെപ്റ്റംബർ ആദ്യവാരത്തിലേക്ക് നീളുമെന്ന് സൂചന

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് നീളുന്നു. ഓണത്തിന് മുമ്പ് പുതിയ അധ്യക്ഷനെ കണ്ടെത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും, തീരുമാനമെടുക്കുന്നത് സെപ്റ്റംബർ ആദ്യവാരത്തിലേക്ക് മാറ്റിവെച്ചതായാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാവർക്കും സമ്മതനായ ഒരു നേതാവിലേക്ക് എത്താൻ ഹൈക്കമാൻഡിനും സംസ്ഥാന നേതൃത്വത്തിനും സാധിക്കാത്തതാണ് പ്രഖ്യാപനം നീളാൻ ഇടയാക്കിയത്.
ഡൽഹിയിലും കേരളത്തിലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഒറ്റപ്പേരിൽ ധാരണയിലെത്താൻ സാധിച്ചിട്ടില്ല. സംസ്ഥാന സർക്കാരുമായി പൂർണ സഹകരണത്തോടെയും ഏകോപനത്തോടെയും മുന്നോട്ടുപോകാൻ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കാനാണ് ഹൈക്കമാൻഡ് താല്പര്യപ്പെടുന്നത്.
നിലവിൽ രമേശ് ചെന്നിത്തല മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പേര് ഔദ്യോഗികമായി നിർദേശിച്ചിട്ടുള്ളതെന്നാണ് സൂചന. കെ.സി. വേണുഗോപാലിന്റെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്ന സാഹചര്യത്തിൽ, കെ.പി.സി.സി അധ്യക്ഷ വിഷയത്തിൽ ഹൈക്കമാൻഡ് കെ.സിക്ക് ചില ഉറപ്പുകൾ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഓണത്തിനു ശേഷം മുൻ കെ.പി.സി.സി അധ്യക്ഷന്മാരെ അടക്കം ഡൽഹിയിലേക്ക് വിളിപ്പിച്ചു ചർച്ച നടത്താൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നുണ്ട്. ഈ കൂടിയാലോചനകൾക്ക് ശേഷമേ അന്തിമ പ്രഖ്യാപനത്തിലേക്ക് കടക്കൂ.
