മമിത- സംഗീത് കോമ്പോയിലെ ആദ്യ ചിത്രം; ‘ഹലോ ഡിയർ’ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

യുവതലമുറയിലെ തരംഗ താരങ്ങളായ മമിത ബൈജുവും സംഗീത് പ്രതാപും ആദ്യമായി ഒന്നിക്കുന്ന ‘ഹലോ ഡിയർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഇരുപതാമത് ചിത്രമാണിത്. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സമ്പൂർണ്ണ റൊമാന്റിക് കോമഡി ജോണറിലാണ് ഒരുങ്ങുന്നത്. മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ യൂത്തിന്റെ കാഴ്ചപ്പാടുകൾ ഒപ്പിയെടുക്കുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണയും മറ്റ് പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ഗോവിന്ദ് വസന്ത സംഗീതവും അഖിൽ ജോർജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നിലവിൽ കൊച്ചിയിൽ പുരോഗമിക്കുകയാണ്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
