യഷ്- ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു; ചിത്രം ഓഗസ്റ്റ് 26 ന് തിയേറ്ററുകളിൽ

തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ ഓഗസ്റ്റ് 26-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നു. യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഇതിനോടകം ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ആക്ഷനും വയലൻസിനും പ്രാധാന്യമുള്ള ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് വൻ പ്രേക്ഷക ശ്രദ്ധ നേടിയ ട്രെയിലർ നൽകുന്ന സൂചന. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരടങ്ങുന്ന ശക്തമായ സ്ത്രീ കഥാപാത്ര നിരയെ മുൻനിർത്തി അവതരിപ്പിച്ച ചിത്രത്തിൽ ‘റായ’ എന്ന കേന്ദ്ര കഥാപാത്രമായാണ് യഷ് എത്തുനത്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കി കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ച സിനിമ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും റിലീസ് ചെയ്യും. KVN പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ‘ജോൺ വിക്’ ഫെയിം ജെ.ജെ. പെറി, അൻപറിവ്, കേച ഖംഫാക്ഡി (ആക്ഷൻ) തുടങ്ങി മികച്ച സാങ്കേതിക സംഘമാണ് അണിനിരക്കുന്നത്. പി.ആർ.ഒ: പ്രതീഷ് ശേഖർ.
