ഹ്യുണ്ടായി കാറുകൾക്ക് വീണ്ടും വില കൂടും; പുതിയ വില സെപ്റ്റംബറിൽ

സെപ്റ്റംബർ മുതൽ ഇന്ത്യയിലെ മുഴുവൻ മോഡലുകൾക്കും വീണ്ടും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഉയർന്ന ചരക്കുനീക്കച്ചെലവുകളുമാണ് നിരക്ക് കൂട്ടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിർമാണച്ചെലവിനെ ബാധിച്ച പശ്ചാത്തലത്തിലാണ് ഈ വർധനയെന്ന് കമ്പനി അറിയിച്ചു.
നിർമാണച്ചെലവ് ഉപഭോക്താക്കളിലേക്ക് അധികച്ചെലവിന്റെ ആഘാതം പരമാവധി കുറയ്ക്കാൻ ശ്രമിച്ചുവരികയാണെങ്കിലും നിർമാണച്ചെലവ് തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ ഇതിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി.
വ്യത്യസ്ത മോഡലുകൾക്ക് വ്യത്യസ്ത വർധന എൻട്രി ലെവൽ മോഡലായ ഗ്രാൻഡ് i10 നിയോസ് മുതൽ പ്രീമിയം ഇലക്ട്രിക് എസ്യുവിയായ അയോണിക് 5 വരെയുള്ള മുഴുവൻ വാഹനങ്ങൾക്കും പുതിയ വിലവർധന ബാധകമാകും. നിലവിൽ 5.60 ലക്ഷം രൂപ മുതൽ 55.70 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായ് കാറുകളുടെ വില. മോഡലിനെയും വകഭേദങ്ങളെയും ആശ്രയിച്ചായിരിക്കും തുക നിർണയിക്കുക.
വർഷത്തിൽ മൂന്നാം തവണ 2026-ൽ ഇത് മൂന്നാമത്തെ തവണയാണ് ഹ്യുണ്ടായ് വാഹനങ്ങൾക്ക് വില കൂട്ടുന്നത്:
- ജനുവരി: 0.6 ശതമാനം വർധന
- ഏപ്രിൽ (ജൂൺ 1 മുതൽ പ്രാബല്യത്തിൽ): 1 ശതമാനം വർധന (വാഹനങ്ങൾക്ക് 12,800 രൂപ വരെ കൂടി)
- സെപ്റ്റംബർ: 1 ശതമാനം വരെ വർധന
കയറ്റുമതിയിൽ തിരിച്ചടി പശ്ചിമേഷ്യയിലെ സംഘർഷങ്ങളും കമ്പനിയുടെ വിതരണക്കാരായ മോബിസിന്റെ ഫാക്ടറിയിലുണ്ടായ തീപിടിത്തവും ഉൽപ്പാദനത്തെയും വിതരണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) കമ്പനിയുടെ കയറ്റുമതിയിൽ 19.6 ശതമാനത്തിന്റെ വലിയ ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 48,140 വാഹനങ്ങൾ കയറ്റുമതി ചെയ്ത സ്ഥാനത്ത് ഇത്തവണ അത് 38,708 യൂണിറ്റുകളായി കുറഞ്ഞു.
