വിദേശ പിച്ചിൽ സച്ചിനേക്കാൾ കരുത്തൻ കോഹ്ലി; ഡിവില്ലിയേഴ്സിന്റെ വിലയിരുത്തൽ

ന്യൂഡൽഹി: വിദേശ പിച്ചുകളിലെ ബാറ്റിംഗ് മികവിൽ ക്രിക്കറ്റ് ഐക്കൺ സച്ചിൻ തെണ്ടുൽക്കറേക്കാൾ നേരിയ മുൻതൂക്കം വിരാട് കോഹ്ലിക്കാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവില്ലിയേഴ്സ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരുടെ വിദേശ മണ്ണിലെ പ്രകടനം താരതമ്യം ചെയ്യുമ്പോഴാണ് ഡിവില്ലിയേഴ്സിന്റെ നിരീക്ഷണം.
സാങ്കേതിക തികവിൽ സച്ചിൻ ഏറെ മുന്നിലാണെങ്കിലും പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള മാനസിക-ശാരീരിക കരുത്തിലും പോരാട്ടവീര്യത്തിലും കോഹ്ലിയാണ് മുന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സച്ചിന്റെ ശൈലി ശാന്തവും സാങ്കേതികമായി ഏറെ പെർഫെക്റ്റുമായിരുന്നു. എന്നാൽ കടുത്ത വെല്ലുവിളികളോട് പോരാടാനുള്ള കോഹ്ലിയുടെ ആക്രമണോത്സുക സമീപനം അദ്ദേഹത്തിന് വിദേശ പിച്ചുകളിൽ പ്രത്യേക മേൽക്കൈ നൽകുന്നു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പ്രയാസമേറിയ സാഹചര്യങ്ങളിൽ രണ്ടുപേരും നിർണായക പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, പ്രതികൂല അവസ്ഥകളിലെ വീര്യമാണ് കോഹ്ലിയെ വ്യത്യസ്തനാക്കുന്നതെന്ന് ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
