സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് 680 രൂപ കുറഞ്ഞ് 1.14 ലക്ഷത്തിന് താഴെയെത്തി.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ ഇടിവ്. പവന് ഒറ്റയടിക്ക് 680 രൂപ കുറഞ്ഞ് 1,13,640 രൂപയിലെത്തി. ഗ്രാമിന് 85 രൂപ കുറഞ്ഞ് 14,205 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പവന് ഒൻപതിനായിരം രൂപയോളം വർദ്ധിച്ച ശേഷമാണ് വിപണിയിൽ ഈ തിരുത്തലുണ്ടായത്.
ആഗോള വിപണിയിലെ സാമ്പത്തിക മാറ്റങ്ങളാണ് നിലവിലെ വിലയിടിവിന് കാരണം. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ യു.എസിൽ പണപ്പെരുപ്പ ഭീഷണി ശക്തമായിട്ടുണ്ട്. ഇതേത്തുടർന്ന് യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകൾ പുറത്തുവന്നത് അന്താരാഷ്ട്ര തലത്തിൽ സ്വർണവിപണിയെ സ്വാധീനിച്ചു. ആഗോള വിപണിയിലെ ഇത്തരം ചലനങ്ങൾ വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയിലെ വിലയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.
അതേസമയം, ജനുവരി 29-ന് പവന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. കഴിഞ്ഞ ഡിസംബർ 23-നായിരുന്നു കേരളത്തിൽ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
