എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി; ഡി.വൈ.എഫ്.ഐ നേതാവുൾപ്പെടെ 4 പേർ പിടിയിൽ.

തൊടുപുഴ: എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡി.വൈ.എഫ്.ഐ നേതാവുൾപ്പെടെ നാലംഗ സംഘം തൊടുപുഴയിൽ പോലീസിന്റെ പിടിയിലായി. ഡി.വൈ.എഫ്.ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ്, അർഷിദ്, ആഷിഖ്, നിയാൻ എന്നിവരെയാണ് ഇടുക്കി തൊടുപുഴ ഇടവെട്ടിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ലഹരിക്കെതിരെയുള്ള പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ റെയ്ഡിലാണ് പ്രതികൾ വലയിലായത്. കഴിഞ്ഞ രാത്രി രണ്ട് വാഹനങ്ങളിലായി എത്തിയ ഇവരിൽ നിന്ന് 18 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
പ്രതികളിലൊരാളായ അർഷിദ് മുൻപും ലഹരിക്കേസിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്നും ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ഷിയാസ് മുൻപ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുള്ള വ്യക്തിയാണ്; കൂടാതെ മുൻപ് ലഹരിക്കെതിരായ പ്രചാരണ ജാഥകൾക്ക് നേതൃത്വം നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.
