കാനഡയിൽ പാർക്കിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; ഇന്ത്യൻ വംശജൻ അറസ്റ്റിൽ.

ഒട്ടാവ: കാനഡയിലെ സറേ നഗരത്തിലുള്ള പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യൻ വംശജൻ പിടിയിൽ. ജഗേന്ദർ കുരാന (40) എന്നയാളെയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെ രണ്ട് ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 9-ന് ബെയർ ക്രീക്ക് പാർക്കിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാർക്കിൽ വെച്ച് പ്രതി തന്നെ കടന്നുപിടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. സംഭവത്തെത്തുടർന്ന് പോലീസ് പ്രദേശത്ത് വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ പ്രതിയെ കണ്ടെത്താനായില്ല.
തുടർന്ന്, പരാതിക്കാരി നൽകിയ പ്രതിയുടെ രൂപസാദൃശ്യങ്ങളും പാർക്കിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പൊതുജനങ്ങൾക്കായി പുറത്തുവിട്ടു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഓഗസ്റ്റ് 12-നാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
ബ്രിട്ടീഷ് കൊളംബിയ പ്രോസിക്യൂഷൻ സർവീസിന്റെ അനുമതിയോടെ കേസെടുത്ത പോലീസ്, ഇയാളെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.
