പോസ്റ്ററിൽ അവഗണന; ജലമേളയിൽ നിന്ന് വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി തീരുമാനം.

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ പ്രചാരണ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത പ്രതിഷേധവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. പോസ്റ്ററിൽ തന്റെ പേരോ ചിത്രമോ ഉൾപ്പെടുത്താത്തതിലും, തുടർന്ന് പുതിയ പോസ്റ്റർ പ്രസിദ്ധീകരിക്കാൻ വൈകുന്നതിലും പ്രതിഷേധിച്ച് ജലമേളയിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം ആലോചിക്കുന്നു.
വിവാദമായതിനെത്തുടർന്ന് എൻ.ടി.ബി.ആർ (NTBR) കൾച്ചറൽ കമ്മിറ്റി ആദ്യ പോസ്റ്റർ പിൻവലിച്ചിരുന്നു. എന്നാൽ, തന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയുള്ള പുതിയ പോസ്റ്റർ ഇതുവരെ പുറത്തിറക്കാത്തതാണ് എം.പിയെ ചൊടിപ്പിച്ചത്. ജില്ലയിലെ മന്ത്രിമാർ, എം.എൽ.എമാർ, കെ.സി. വേണുഗോപാൽ എം.പി എന്നിവരടക്കമുള്ള മറ്റ് ജനപ്രതിനിധികളെല്ലാം പോസ്റ്ററിലുണ്ടായിട്ടും തന്നെ മനപ്പൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്നാണ് പരാതി. ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ മത്സരത്തിനെത്തുന്നത് കൊടിക്കുന്നിൽ സുരേഷിന്റെ മണ്ഡലമായ മാവേലിക്കരയിൽ നിന്നാണ്.
പ്രചാരണ നോട്ടീസിൽ വീഴ്ച പറ്റിയതായി നഗരസഭ സമ്മതിക്കുകയും എം.പിയുടെ ചിത്രം ഉൾപ്പെടുത്തി പുതിയ നോട്ടീസ് തയ്യാറാക്കിയതായി അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും പുതിയ പോസ്റ്റർ ഇറക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് അദ്ദേഹം.
