കൊൽക്കത്ത ഹോട്ടലിൽ തീപിടിത്തം: 9 പേർ മരിച്ചു, 6 പേർക്ക് പരിക്ക്.
കൊൽക്കത്ത മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഒൻപത് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ചികിത്സയ്ക്കായി എത്തിയ ബംഗ്ലാദേശ് സ്വദേശികളാണ് അപകടത്തിൽ മരിച്ചവർ.

കൊൽക്കത്ത: കൊൽക്കത്തയിലെ തിരക്കേറിയ മിർസ ഗാലിബ് സ്ട്രീറ്റിലുള്ള ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്. ചികിത്സാ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയ ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചവരിലേറെയും.
പുലർച്ചെ രണ്ട് മണിയോടെയാണ് തീ പടർന്നുപിടിച്ചത്. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. ഹോട്ടൽ മുറിയിലെ എയർകണ്ടീഷണർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
പരിക്കേറ്റ ആറുപേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായും കൂളിംഗ് നടപടികൾ പുരോഗമിക്കുകയാണെന്നും അഗ്നിശമന സേന അറിയിച്ചു. അതേസമയം, മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
കെട്ടിടത്തിൽ കനത്ത പുക ഉയർന്നത് രക്ഷാപ്രവർത്തകർക്ക് മുകളിലത്തെ നിലകളിലേക്ക് എത്തുന്നതിന് വെല്ലുവിളി സൃഷ്ടിച്ചു. പശ്ചിമ ബംഗാൾ ഫയർ സർവീസ് ആസ്ഥാനം ഹോട്ടലിന് തൊട്ടടുത്തായിരുന്നതിനാൽ കൂടുതൽ ദുരന്തം ഒഴിവാക്കാനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും സാധിച്ചു. അപകടകാരണത്തെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
