സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസ്: കോഴിക്കോട് ഉൾപ്പെടെ 8 കേന്ദ്രങ്ങളിൽ ഇ.ഡി പരിശോധന

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് ശക്തമാക്കി. കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള മുന്നോടിയായാണ് ഈ രണ്ടാം ഘട്ട റെയ്ഡെന്നാണ് വിവരം.
മുമ്പ് ഔദ്യോഗികമായി ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപായിരുന്നു ഇ.ഡി ആദ്യഘട്ട പരിശോധനകൾ നടത്തിയത്. പിന്നീട് കേസിൽ കോടതി അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ വസതികളിലടക്കം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ മകൾ വീണാ ടി.എയെ രണ്ടുതവണ ഇ.ഡി ചോദ്യം ചെയ്യുകയും ചെയ്തു.
എക്സാലോജിക് നൽകിയ സേവനങ്ങളുടെ വിശദാംശങ്ങളും സിഎംആർഎല്ലിൽ നിന്ന് സ്വീകരിച്ച തുകയുടെ വിവരങ്ങളുമായിരുന്നു ചോദ്യം ചെയ്യലിൽ പ്രധാനം. സിഎംആർഎൽ എം.ഡി ശശിധരൻ കർത്തായുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേരെ നേരത്തെ ഏജൻസി ചോദ്യം ചെയ്തിരുന്നു. യാതൊരു സേവനവും നൽകാതെ 2.78 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇ.ഡിയുടെ നിലപാട്. കൂടാതെ കേസിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിലെ 134 അനുബന്ധ രേഖകളുടെ പരിശോധനയും പുരോഗമിക്കുകയാണ്.
