‘ആരും മോഷ്ടിച്ചിട്ടില്ല, പറഞ്ഞത് തെറ്റായിപ്പോയി’: ബിജെപി ഫണ്ട് തട്ടിപ്പ് പ്രസംഗത്തിൽ മാപ്പുപറഞ്ഞ് പി.സി. ജോർജ്
‘അഞ്ചു പൈസ പോലും മോഷ്ടിച്ചിട്ടില്ല, പറഞ്ഞത് തെറ്റ്’: ബിജെപി ഫണ്ട് വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് പി.സി. ജോർജ്

കോട്ടയം: പൂഞ്ഞാറിലെ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട മുൻ പ്രസ്താവന തിരുത്തി പി.സി. ജോർജ്. കഴിഞ്ഞ മാസം എരുമേലിയിൽ വച്ച് താൻ നടത്തിയ പ്രസംഗം തെറ്റായിരുന്നെന്നും അതിൽ മാപ്പു ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സജി കുരിക്കാട് വിരമിച്ച അധ്യാപകനാണെന്നും അഞ്ചു പൈസ പോലും മോഷ്ടിക്കുന്ന ആളല്ലെന്നും പറഞ്ഞ പി.സി. ജോർജ്, താൻ ബിജെപി വിടുമെന്ന വാർത്തകൾ തള്ളി. താൻ തോറ്റത് ക്രിസ്ത്യൻ സമുദായം ഒറ്റക്കെട്ടായി യുഡിഎഫിനെ പിന്തുണച്ചതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കേന്ദ്ര ബിജെപി നൽകിയ നാലരക്കോടി രൂപ പ്രാദേശിക നേതാക്കൾ തട്ടിയെടുത്തെന്നായിരുന്നു എരുമേലിയിലെ പ്രസംഗത്തിൽ പി.സി. ജോർജിന്റെ ആരോപണം. സാമ്പത്തികം കൈകാര്യം ചെയ്ത സജി കുരിക്കാടിനോട് കണക്ക് ചോദിച്ചപ്പോൾ നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന് കാണിച്ചു തന്ന കണക്ക് അപഹാസ്യമാണെന്നും ബൂത്തുകളിലേക്ക് നൽകേണ്ട തുക നേതാക്കൾ വീതിച്ചെടുത്തെന്നുമായിരുന്നു അന്ന് അദ്ദേഹം ഉന്നയിച്ച പ്രധാന വിമർശനം.
