കറുപ്പ് വീണു, കളക്ഷനിൽ വൻ കുതിപ്പുമായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്, ഇത് പ്രേക്ഷകർ നൽകിയ വിജയം

ദളപതി വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു. 2026-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന നേട്ടത്തോടെ ചിത്രം വിജയകരമായി നാലാം വാരത്തിലേക്ക് കടന്നു. 325 കോടിയലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷനാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. നടൻ സൂര്യയുടെ ‘കറുപ്പ്’ സ്ഥാപിച്ച കളക്ഷൻ റെക്കോർഡാണ് ഇതോടെ ‘ജനനായകൻ’ മറികടന്നത്.
വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രേക്ഷക-ആരാധക പിന്തുണയോടെയാണ് ചിത്രം തിയേറ്ററുകളിൽ മുന്നേറുന്നത്. സിനിമയിലെ വിവിധ രംഗങ്ങൾക്കൊപ്പം ‘ചീഫ് മിനിസ്റ്റർ ജോസഫ് വിജയ്’ എന്ന ടൈറ്റിൽ കാർഡിനും വലിയ വരവേൽപ്പാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. വിജയ്യുടെ സിനിമാ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയ ട്രിബ്യൂട്ട് വീഡിയോയും ആരാധകർക്കിടയിൽ തരംഗമായി.
കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 17 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം സ്വന്തമാക്കിയപ്പോൾ, തമിഴ്നാട്ടിൽ 150 കോടിയിലധികം രൂപ നേടി ചിത്രം ഇപ്പോഴും ശക്തമായ പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുകയാണ്.
എച്ച്. വിനോദ് സംവിധാനം നിർവഹിച്ച ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധാണ്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിച്ച ചിത്രത്തിന്റെ സഹനിർമാതാക്കൾ ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ്. സത്യൻ സൂര്യൻ ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും അനൽ അരശ് ആക്ഷൻ കൊറിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നു. അറിവ് ഗാനരചന നിർവഹിച്ച ചിത്രത്തിന്റെ പി.ആർ.ഒ. പ്രതീഷ് ശേഖറാണ്.
