വിമാന യാത്രക്കാരൻ്റെ ഹാൻഡ് ബാഗ് സ്കാൻ ചെയ്തപ്പോൾ സംശയം; തുറന്ന് പരിശോധിച്ചപ്പോൾ കണ്ടത് കുരങ്ങിൻ്റെ തലയോട്ടി

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന യാത്രക്കാരന്റെ ഹാൻഡ് ബാഗിൽ നിന്ന് കുരങ്ങിന്റെ തലയോട്ടി കണ്ടെത്തി. ഓഗസ്റ്റ് 10-ന് ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നാണ് കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സി.ഐ.എസ്.എഫ്) തലയോട്ടി പിടിച്ചെടുത്തത്.
സുരക്ഷാ പരിശോധനയുടെ ഭാഗമായി എക്സ്-റേ സ്കാനിംഗ് നടത്തുന്നതിനിടെയാണ് ബാഗിനുള്ളിൽ സംശയാസ്പദമായ വസ്തു ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മനുഷ്യന്റേതിന് സമാനമായ തലയോട്ടി കണ്ടെത്തിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇത് കുരങ്ങിന്റെ തലയോട്ടിയാണെന്ന് യാത്രക്കാരൻ സമ്മതിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളുടെ യാത്ര വിലക്കുകയും കൂടുതൽ നിയമനടപടികൾക്കായി ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തു. സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട ജീവിയുടേതാകാം തലയോട്ടി എന്ന സംശയത്തിൽ വനം-വന്യജീവി വകുപ്പ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെ ശരീരഭാഗങ്ങൾ കൈവശം വയ്ക്കുന്നതും കടത്തുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
തലയോട്ടി എവിടെ നിന്ന് കിട്ടി, യാത്രക്കാരന്റെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പിടിയിലായ യാത്രക്കാരന്റെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
