കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് പോളിടെക്നിക് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലറ താപസഗിരി സ്വദേശി അൽ അമീനാണ് (19) അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ കല്ലറ ജങ്ഷനിലായിരുന്നു സംഭവം.
കല്ലറയിൽനിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന ‘പ്രിയദർശിനി’ ബസിന്റെ പിൻവശത്തെ വാതിൽ പെട്ടെന്ന് തുറന്ന് അൽ അമീൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽ അമീൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
