ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

കൊച്ചി: ഫ്രീഡം ക്വിസുമായി ബന്ധപ്പെട്ട സവർക്കർ വിവാദത്തിൽ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചു. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകനായ ഗുരുപ്രസാദാണ് ഹർജി നൽകിയത്. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്നും അധ്യാപകനെതിരെയുള്ള അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
ചരിത്രപരമായ ഒരു ചോദ്യത്തിന് നൽകിയ ഉത്തരമായിരുന്നു വി.ഡി. സവർക്കറുടെ പേരെന്നും, ഇതിന്റെ പേരിൽ തനിക്കെതിരെ എടുത്ത നടപടി പൂർണ്ണമായും അന്യായമാണെന്നും അധ്യാപകൻ വ്യക്തമാക്കുന്നു. സവർക്കറുടെ തടവറ ജീവിതവുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ കേന്ദ്ര സർക്കാരിന്റെ പക്കലുണ്ടെന്നും, അദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റ് ആറിന് കുമ്പള, കാസർഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ നടന്ന ഫ്രീഡം ക്വിസ് മത്സരത്തിലായിരുന്നു വിവാദപരമായ ചോദ്യം ഉൾപ്പെടുത്തിയിരുന്നത്. “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?” എന്ന ചോദ്യത്തിന് ഉത്തരമായി വി.ഡി. സവർക്കറുടെ പേരാണ് നൽകിയിരുന്നത്. സവർക്കറെ മഹത്വവൽക്കരിക്കുന്ന രീതിയിൽ ചോദ്യം നിർമ്മിച്ചുവെന്ന ആരോപണത്തെത്തുടർന്നാണ് അധ്യാപകനെതിരെ സസ്പെൻഷൻ നടപടിയുണ്ടായത്.
