അക്ഷയ് കുമാർ- സെയ്ഫ് അലി ഖാൻ- പ്രിയദർശൻ ചിത്രം ‘ഹയ്വാൻ’ ടീസർ പുറത്ത്

അക്ഷയ് കുമാറിനെയും സെയ്ഫ് അലി ഖാനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഹയ്വാൻ’ സിനിമയുടെ ടീസർ പുറത്തിറങ്ങി. പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത് വൻ വിജയമാക്കിയ ‘ഒപ്പം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണിത്. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്.
ബൊമൻ ഇറാനി, സയാമി ഖേർ, ശ്രിയ പിൽഗോങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബർ 11-ന് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും.
പ്രിയദർശന്റെ മുൻ ചിത്രം ‘ഭൂത് ബംഗ്ല’ ബോക്സ് ഓഫീസിൽ നേടിയ വൻ വിജയത്തിന് ശേഷമെത്തുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ഹയ്വാ’നെ നോക്കിക്കാണുന്നത്. ആഗോളതലത്തിൽ 120 കോടി രൂപ സ്വന്തമാക്കിയ ‘ഭൂത് ബംഗ്ല’ പ്രിയദർശന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ്.
