ആദ്യമായി ബൈക്ക് വാങ്ങുന്നോ? ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും!

കോഴിക്കോട്: ജോലിസ്ഥലത്തേക്കുള്ള ദിവസേനയുള്ള യാത്രയ്ക്കായാലും ദീർഘദൂര യാത്രകൾക്കായാലും ആദ്യമായി ഒരു ബൈക്ക് വാങ്ങുമ്പോൾ ശരിയായ മോഡൽ തിരഞ്ഞെടുക്കുന്നത് ഏറെ പ്രധാനമാണ്. കാണാൻ ഭംഗിയുള്ളതുകൊണ്ടോ വില കുറവായതുകൊണ്ടോ മാത്രം ബൈക്ക് വാങ്ങിയാൽ പിന്നീട് നിരാശപ്പെടേണ്ടി വരും. എൻജിൻ ശേഷി, മൈലേജ്, സുരക്ഷ, പരിപാലനച്ചെലവ് തുടങ്ങി നിരവധി കാര്യങ്ങളാണ് വാഹനം സ്വന്തമാക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടത്.
ആദ്യമായി ബൈക്ക് വാങ്ങുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഏഴ് പ്രധാന കാര്യങ്ങൾ ഇതാ:
1. പ്രധാന ആവശ്യം മുൻകൂട്ടി തീരുമാനിക്കാം ബൈക്ക് പ്രധാനമായും എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായ ധാരണയുണ്ടാകണം. നഗരത്തിനുള്ളിലെ ദൈനംദിന യാത്രകൾക്കാണെങ്കിൽ കുറഞ്ഞ എൻജിൻ ശേഷിയും ഉയർന്ന ഇന്ധനക്ഷമതയുമുള്ള മോഡലുകളാണ് അനുയോജ്യം. എന്നാൽ ദീർഘദൂര യാത്രകൾക്കും അഡ്വഞ്ചർ റൈഡുകൾക്കുമാണെങ്കിൽ കൂടുതൽ കരുത്തുള്ള ക്രൂയിസർ, സ്പോർട്സ് അല്ലെങ്കിൽ അഡ്വഞ്ചർ ബൈക്കുകൾ പരിഗണിക്കാം.
2. എക്സ്-ഷോറൂം വിലയിൽ വീഴരുത്; ബജറ്റ് കൃത്യമാക്കാം ബൈക്കിന്റെ എക്സ്-ഷോറൂം വില മാത്രം നോക്കി ബജറ്റ് നിശ്ചയിക്കരുത്. രജിസ്ട്രേഷൻ, ഇൻഷുറൻസ്, റോഡ് നികുതി എന്നിവ ഉൾപ്പെടുന്ന ഓൺ-റോഡ് വിലയായിരിക്കും പോക്കറ്റിൽ നിന്ന് പോകുന്നത്. ഇതുകൂടാതെ വരാനിരിക്കുന്ന സർവീസ്, ഇന്ധനം, അറ്റകുറ്റപ്പണി, സ്പെയർ പാർട്സ് ചെലവുകൾ എന്നിവ കൂടി കണക്കാക്കിയാൽ സാമ്പത്തിക ഭാരം ഒഴിവാക്കാം.
3. എൻജിൻ ശേഷിയും മൈലേജും 100 സിസി മുതൽ 150 സിസി വരെയുള്ള ബൈക്കുകളാണ് സാധാരണ സിറ്റി യാത്രകൾക്ക് ഏറ്റവും അനുയോജ്യം. ഹൈവേ യാത്രകൾ കൂടുതലായി ചെയ്യുന്നവരാണെങ്കിൽ 200 സിസിക്ക് മുകളിലുള്ള ബൈക്കുകൾ നോക്കാം. ദിവസേനയുള്ള യാത്രകളിൽ കീശ കീറാതിരിക്കാൻ ഇന്ധനക്ഷമത ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.
4. റൈഡിങ് കംഫർട്ടും സുരക്ഷയും സീറ്റ് ഉയരം, ഹാൻഡിൽബാറിന്റെ സ്ഥാനം, റൈഡിങ് പൊസിഷൻ എന്നിവ ശരീരത്തിന് യോജിച്ചതാണോ എന്ന് ഉറപ്പാക്കണം. വാങ്ങുന്നതിന് മുമ്പ് നിർബന്ധമായും ഒരു ടെസ്റ്റ് റൈഡ് നടത്തുക. സുരക്ഷ ഉറപ്പാക്കാൻ എബിഎസ് (ABS), ഡിസ്ക് ബ്രേക്കുകൾ, മികച്ച ടയറുകൾ, ശക്തമായ ലൈറ്റിങ് എന്നിവയുള്ള മോഡലുകൾ തന്നെ തിരഞ്ഞെടുക്കുക.
5. സർവീസ് ശൃംഖലയും റീസെയിൽ വാല്യൂവും താമസസ്ഥലത്തിന് സമീപത്ത് സർവീസ് സെന്ററുകളുള്ള ബ്രാൻഡ് തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. സ്പെയർ പാർട്സുകൾ എളുപ്പത്തിൽ ലഭ്യമാണോ എന്നും ഉറപ്പാക്കണം. ജനപ്രിയ ബ്രാൻഡുകളുടെ ചില മോഡലുകൾക്ക് ഭാവിയിൽ വിൽക്കുമ്പോൾ ഉയർന്ന പുനർവിൽപ്പന മൂല്യം (Resale Value) ലഭിക്കാറുണ്ട്.
6. വായ്പാ ഓഫറുകൾ താരതമ്യം ചെയ്യാം ബൈക്ക് ലോൺ എടുക്കാൻ പദ്ധതിയുണ്ടെങ്കിൽ ആദ്യം കാണുന്ന ബാങ്കിന്റെ ഓഫർ സ്വീകരിക്കരുത്. വിവിധ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പലിശ നിരക്ക്, പ്രോസസ്സിങ് ഫീസ്, വായ്പാ കാലാവധി എന്നിവ താരതമ്യം ചെയ്ത് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക.
7. ഓഫറുകൾ, വാറന്റി, ഇൻഷുറൻസ് ഉത്സവ സീസണുകളിലും മറ്റും ലഭിക്കുന്ന ക്യാഷ് ഡിസ്കൗണ്ടുകൾ, സൗജന്യ ആക്സസറികൾ, എക്സ്റ്റെൻഡഡ് വാറന്റി എന്നിവ കൃത്യമായി ചോദിച്ചറിയുക. കൂടാതെ അപകടം, മോഷണം എന്നിവയിൽ നിന്ന് പൂർണ പരിരക്ഷ നൽകുന്ന സമഗ്രമായ (Comprehensive) ഇൻഷുറൻസ് പോളിസി സ്വന്തമാക്കാനും ശ്രദ്ധിക്കണം.
