മാസം 1 ലക്ഷം കിട്ടുന്ന ജോലിയുപേക്ഷിച്ച് കണ്ടന്റ് ക്രിയേഷനിലേക്ക്, ആദ്യം കിട്ടിയത് 10,000 രൂപ, ഇന്ന്…

ന്യൂഡൽഹി: ലക്ഷങ്ങൾ ശമ്പളമുള്ള സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച് ആഗ്രഹിച്ച മേഖലയിലേക്ക് ഇറങ്ങിത്തിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതുവരെ ശീലിച്ച ജീവിതരീതികളെ പോലും മാറ്റിയെഴുതേണ്ടി വരുന്ന വലിയൊരു റിസ്കാണത്. എന്നാൽ, ഇത്തരം തീരുമാനങ്ങളിലൂടെ വിജയഗാഥ രചിക്കുന്ന യുവാക്കളുടെ എണ്ണം ഇന്ന് കൂടിവരികയാണ്.
ടാക്സ് ലോയർ ജോലി ഉപേക്ഷിച്ച് വിജയകരമായി കണ്ടന്റ് ക്രിയേറ്ററും സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റുമായി മാറിയ മെഹർ വർമ എന്ന 27കാരിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൂന്ന് വർഷം മുമ്പ് മാസം ഒരു ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് മെഹർ ഈ രംഗത്തേക്ക് ചുവടുവെച്ചത്.
2023-ൽ ടാക്സ് ലോയറായി കരിയർ ആരംഭിച്ച മെഹറിന് സാമ്പത്തിക സ്വാതന്ത്ര്യവും നല്ല തൊഴിൽ അന്തരീക്ഷവും ലഭിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടതോടെ ജോലിയോടുള്ള മടുപ്പ് തുടങ്ങി. ശനിയാഴ്ചകൾക്കും ഞായറാഴ്ചകൾക്കും വേണ്ടി മാത്രമാണ് താൻ ജീവിക്കുന്നതെന്നും തിങ്കളാഴ്ചകളിലെ ജോലി ഭാരം ഭയപ്പാടോടെയാണ് നേരിട്ടിരുന്നതെന്നും മെഹർ കുറിക്കുന്നു.
ഈ ഘട്ടത്തിലാണ് കണ്ടന്റ് ക്രിയേഷൻ രംഗത്തോടുള്ള താല്പര്യം തിരിച്ചറിയുന്നത്. തുടക്കത്തിൽ ജോലിക്കൊപ്പം വാരാന്ത്യങ്ങളിൽ ഫോട്ടോഗ്രാഫി കോഴ്സുകൾ പഠിച്ചു. ക്രിയേറ്റീവ് മേഖലയിൽ ജോലി കണ്ടെത്താൻ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ 2024 ജനുവരിയിലാണ് ആദ്യ ഫ്രീലാൻസ് അവസരം ലഭിക്കുന്നത്. ഏഴെട്ട് വീഡിയോകളും ചില പ്രൊഡക്റ്റ് ഫോട്ടോകളും തയ്യാറാക്കി നൽകിയതിന് ലഭിച്ചത് വെറും 10,000 രൂപ.
എങ്കിലും ധൈര്യപൂർവ്വം ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിക്കാൻ മെഹർ തീരുമാനിച്ചു. തുടർന്ന് നിരന്തര പഠനത്തിന്റെയും കഠിനാധ്വാനത്തിന്റെയും നാളുകളായിരുന്നു. ദിവസവും ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പങ്കുവെക്കുക, ഫോട്ടോഗ്രാഫിയും സ്ട്രാറ്റജിയും പഠിക്കുക, പുസ്തകങ്ങൾ വായിക്കുക, യൂട്യൂബ് വീഡിയോകൾ കാണുക തുടങ്ങി സ്വയം മെച്ചപ്പെടാൻ ഒരു വർഷത്തെ സമയമാണ് നൽകിയത്. എഡിറ്റിംഗ്, സ്റ്റോറി ടെല്ലിംഗ് എന്നിവ പഠിച്ച് ബ്രാൻഡുകളെ സ്വയം സമീപിച്ചതോടെ ഫ്രീലാൻസ് ക്ലയന്റുകൾ തേടിയെത്തി.
ഇന്ന് നിയമരംഗത്തുനിന്ന് സമ്പാദിച്ചിരുന്നതിന്റെ ഇരട്ടിയിലധികം തുകയാണ് മെഹറിന്റെ വരുമാനം. ഇഷ്ടമുള്ള ജോലി ചെയ്യാനും യാത്രകൾക്കും ഹോബികൾക്കുമായി സമയം കണ്ടെത്താനും സാധിക്കുന്നുണ്ടെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് മെഹർ കരുതുന്നില്ല. ഈ രംഗത്ത് സ്ഥിരമായ ശമ്പളം ഉറപ്പില്ലെന്നും ചില മാസങ്ങളിൽ തിരിച്ചടികൾ ഉണ്ടായേക്കാമെന്നും അവർ വ്യക്തമാക്കുന്നു.
“എന്റെ ജീവിതത്തിലെ ആദ്യ 24 വർഷക്കാലം, ആഗ്രഹിച്ച കരിയറിനായി പഠിക്കുമ്പോൾ പോലും ലഭിക്കാത്ത ആത്മസംതൃപ്തിയാണ് ഇന്നുള്ളത്. ഭാവി ജീവിതം പൂർണ്ണമായി പ്ലാൻ ചെയ്തിട്ടില്ലെങ്കിലും, എന്റേതായൊരു ജീവിതം കെട്ടിപ്പടുക്കുകയാണെന്ന തോന്നൽ എനിക്കിപ്പോഴുണ്ട്” – മെഹർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
