ദൈര്‍ഘ്യം 3 മണിക്കൂറിന് മുകളില്‍? യഷ് നായകനാവുന്ന ‘ടോക്സിക്കി’ന്റെ സെന്‍സറിംഗ് കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കെ.ജി.എഫിന് ശേഷം കന്നഡ സൂപ്പർ താരം യാഷ് നായകനായെത്തുന്ന ബിഗ് ക്യാൻവാസ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സി’ന്റെ സെൻസറിംഗ് പൂർത്തിയായതായി റിപ്പോർട്ട്. മൂന്ന് മണിക്കൂറും 11 മിനിറ്റും (191 മിനിറ്റ്) ദൈർഘ്യമുള്ള ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.
മുമ്പ് തിയേറ്റർ ഉടമകളും അണിയറ പ്രവർത്തകരും റിസ്ക് ആയി കണ്ടിരുന്ന മൂന്ന് മണിക്കൂറിലധികം വരുന്ന റൺ ടൈമിലേക്ക് സമീപകാലത്തെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് എത്തുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കും ഇതേ നിരയിലേക്കാണ് ഇടംപിടിക്കുന്നത്.
ഓഗസ്റ്റ് 26-നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുക. ആക്ഷനും വൈലൻസിനും ഇമോഷനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ യാഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ നൽകുന്ന സൂചന. ഗീതു മോഹൻദാസും യാഷും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ച ടോക്സിക് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ഡബ്ബ് ചെയ്ത് ആഗോളതലത്തിൽ റിലീസ് ചെയ്യും. KVN പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം രവി ബസ്രൂറാണ്. ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി. അബിദ് പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്യുന്നു. ‘ജോൺ വിക്ക്’ ഫെയിം ജെ.ജെ. പെറി, അൻപറിവ്, കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ.
