പെട്രോൾ പമ്പുകളിൽ ഡിജിറ്റൽ പേയ്മെന്റ് നിർത്തുമെന്ന് ഉടമകൾ; മുഖ്യമന്ത്രി വിജയ്ക്ക് കത്ത്

ചെന്നൈ: സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ ഇന്ധനവ്യാപാരികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന പൊലീസ് നടപടിക്കെതിരെ പെട്രോൾ പമ്പ് ഉടമകൾ പ്രതിഷേധത്തിലേക്ക്. വ്യാപാരികളെ ദുരിതത്തിലാക്കുന്ന നടപടി തുടർന്നാൽ പമ്പുകളിൽ ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങൾ പൂർണ്ണമായി നിർത്തിവെക്കുമെന്ന് തമിഴ്നാട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ഉടനടി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘടന തമിഴ്നാട് മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.
ഇന്ധനം അടിക്കാനെത്തുന്ന ഉപഭോക്താക്കൾ ഉപയോഗിക്കുന്ന പണത്തിന്റെ ഉറവിടം പരിശോധിക്കാൻ വ്യാപാരികൾക്ക് സാധിക്കില്ല. എന്നാൽ, ഓൺലൈൻ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കുറ്റവാളികൾ പമ്പുകളിൽ നിന്ന് നടത്തിയ ഡിജിറ്റൽ ഇടപാടുകളുടെ പേരിൽ ഉടമകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതും നിയമനടപടികൾ സ്വീകരിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. ന്യായമില്ലാത്ത ഇത്തരം നടപടികൾ പെട്രോൾ പമ്പുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ബിസിനസിനെയും ഗുരുതരമായി ബാധിക്കുകയാണെന്ന് നിവേദനത്തിൽ പറയുന്നു.
മ്യൂൾ അക്കൗണ്ട് കേസ്: 837 പേർ പിടിയിൽ
അതേസമയം, സൈബർ തട്ടിപ്പുകാർക്ക് നിയമവിരുദ്ധമായി പണമിടപാട് നടത്താൻ സൗകര്യമൊരുക്കിയ ‘മ്യൂൾ അക്കൗണ്ട്’ കേസിൽ തമിഴ്നാട്ടിൽ 837 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 6, 7 തീയതികളിൽ നടന്ന ശക്തമായ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായതെന്ന് സൈബർ ക്രൈം പൊലീസ് അറിയിച്ചു. ചെന്നൈയിൽ നിന്ന് മാത്രം 205 പേരാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് 204 മൊബൈൽ ഫോണുകൾ, 185 സിം കാർഡുകൾ, 4 കമ്പ്യൂട്ടറുകൾ, ബാങ്ക് പാസ്ബുക്കുകൾ, ഒരു ലക്ഷത്തോളം രൂപ എന്നിവ പിടിച്ചെടുത്തു. കമീഷൻ പറ്റി സ്വന്തം അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് ഉപയോഗിക്കാൻ നൽകുന്ന രീതിയാണ് ‘മ്യൂൾ അക്കൗണ്ടുകൾ’. 9,804 പരാതികളെ മുൻനിർത്തി നടത്തിയ അന്വേഷണത്തിലാണ് വൻ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇത്തരം അക്കൗണ്ടുകൾ വഴി 545.27 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
