പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്ന് ലക്ഷങ്ങൾ തട്ടി; ഓൺലൈൻ ബെറ്റിങ്ങിൽ പണം കളഞ്ഞ പൊലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: സഹപ്രവർത്തകരായ പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ഓൺലൈൻ ചീട്ടുകളിയിൽ തുലച്ച പൊലീസുകാരനെതിരെ കേസെടുത്തു. കെ.എ.പി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ. കൃഷ്ണക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.
എസ്.എ.പി, കെ.എ.പി-3, കെ.എ.പി-5 ബറ്റാലിയനുകളിലെ റിക്രൂട്ട് ട്രെയിനികളിൽ നിന്ന് യൂണിഫോം തുണിക്കും തയ്യൽക്കൂലിക്കുമായി ശേഖരിച്ച ഏഴ് ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. യൂണിഫോം കമ്മിറ്റി അംഗമായിരുന്ന പ്രതി, എസ്.എ.പിയിലെ ഡ്രൈ കാന്റീനിലും വിൽസൺ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റിയിലും അടയ്ക്കാനെന്ന വ്യാജേനയാണ് പണം കൈക്കലാക്കിയത്.
ജൂലൈ മൂന്ന് മുതൽ 13 വരെയുള്ള ദിവസങ്ങളിൽ ട്രെയിനികളിൽ നിന്ന് സ്വന്തം ഫോൺ നമ്പറിലേക്ക് ഡിജിറ്റൽ ട്രാൻസ്ഫർ വഴിയാണ് പണം വാങ്ങിയത്. തുടർന്ന് ഈ തുക മുഴുവൻ ഓൺലൈൻ ചീട്ടുകളിയിലൂടെ പ്രതിക്ക് നഷ്ടപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ പേരൂർക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
